കള്ളകുട്ടി കുടി പാലം ( ഫയൽ ചിത്രം )
അടിമാലി: മഹാപ്രളയത്തിൽ തകർന്ന പാലത്തിന് പകരം മറ്റൊരു പാലത്തിനുള്ള കള്ളകുട്ടി കുടിക്കാരുടെ കാത്തിരിപ്പിന് ഏഴ് വർഷം. വീണ്ടുമൊരു മഴക്കാലമെത്തുമ്പോഴും പാലത്തിനുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് ഈ ആദിവാസി കുടിയിലുള്ളവർ. മാങ്കുളം പഞ്ചായത്തിലെ കള്ളക്കുട്ടി ആദിവാസി കുടി നിവാസികൾ നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും അധികൃതർ കണ്ട മട്ട് നടിച്ചിട്ടില്ല. 2018 ജൂലൈയിലാണ് കോരിച്ചൊരിയുന്ന മഴയും ഉരുള്‍പൊട്ടലും ഈ ആദിവാസി കുടിയെ തകിടം മറിച്ചത്.
ജനവാസ മേഖലയുമായി ബന്ധിപ്പിക്കുന്ന പാലം ഒഴുകി പോയതോടെ ഇവിടം ഒറ്റപ്പെട്ടു. കനത്ത മഴയിലും വെളളപ്പൊക്കത്തിലും കരിന്തിരി പുഴയില്‍ വെള്ളമുയര്‍ന്നാല്‍ ഇനിയും തങ്ങള്‍ ഒറ്റപ്പെടുമെന്നാണ് ആദിവാസികള്‍ പറയുന്നത്. മുതുവാന്‍ സമുദായത്തില്‍പ്പെട്ട 38 കുടുംബങ്ങളാണ് ഇവിടെയുളളത്. അരിയുള്‍പ്പെടെ അവശ്യവസ്തുക്കള്‍ എത്തിക്കാനുമുള്ള ഒരേ ഒരു മാര്‍ഗം ഈ പാലമായിരുന്നു.
പുഴക്ക് കുറുകെ ഈറ്റകൊണ്ട് നിർമിച്ച പാലത്തിലൂടെയാണ് ഇവരുടെ യാത്ര. ഇത് വളരെ അപകടം നിറഞ്ഞതാണ്. വേനലില്‍ വെളളം വറ്റിയതിനാല്‍ ഇത്രനാളം പ്രശ്നമില്ലായിരുന്നു. എന്നാല്‍, വേനല്‍ മഴ തുടങ്ങിയതോടെ പുഴ സജീവമാകുകയാണ്. ഇതോടെ തങ്ങള്‍ ഒറ്റപ്പെടുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഓരോ കാലവര്‍ഷവും തങ്ങള്‍ക്ക് ദുരിതം മാത്രം നല്‍കിയാണ് കടന്നുപോകുന്നതെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.
കോളനിക്കാര്‍ പരസ്പര സഹകരണത്തോടെ താൽക്കാലികമായി പണിത കൂരകളിലാണ് ഇപ്പോഴും ഇവിടെയുളളവര്‍ താമസിക്കുന്നത്. വേനല്‍ മഴ പുഴയെ സജീവമാക്കിയിട്ടുണ്ട്. പാലം ഇല്ലാത്തതിനാല്‍ അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത് പ്രയാസം നേരിടുന്നു. പ്രളയ ശേഷം പുഴ മുറിച്ച് കടക്കാനായി ആദിവാസികള്‍ തന്നെ കമ്പിയും ഈറ്റയും ഉപയോഗിച്ച് രണ്ട് മരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് തൂക്കുപാലം നിർമിച്ചിരുന്നു. വേനലിൽ ഈ പാലത്തിനും ബലക്ഷയം സംഭവിച്ചു.
ഇതോടെ ചെറിയ അറ്റകുറ്റപ്പണികള്‍ പാലത്തില്‍ നടത്തിയെങ്കിലും ഫലപ്രദമല്ല. ഡീന്‍ കുര്യക്കോസ് എം.പി പാലത്തിനായി ഫണ്ട് നല്‍കാമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പുതിയ പാലം നിർമിക്കുവാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. എന്നാല്‍ പാലം നിർമാണം മാത്രം ഉണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.