രാഷ്​ട്രീയ വടംവലിയിൽ 'തോറ്റു'; സ്​മിത മുനിസ്വാമി ഇപ്പോള്‍ ചായക്കടക്കാരി

അടിമാലി: എനിക്ക് മടുത്തു. ഉയിരുപോയാലും ഞാന്‍ ഇനി മത്സരിക്കില്ല. അടിമാലി പഞ്ചായത്തില്‍ രണ്ടരവര്‍ഷം പ്രസിഡൻറായിരുന്ന സ്​മിത മുനിസ്വാമിയുടെ വാക്കുകളാണിത്. 'ആദിവാസി വിഭാഗത്തില്‍പ്പെട്ട താന്‍ പ്രസിഡൻറായി എത്തിയത് ഏറെ പ്രതീക്ഷകളോടെയായിരുന്നു. ജനപ്രതിനിധിയാക്കിയ പാര്‍ട്ടിയിലെ നേതാക്കള്‍ ഭരിക്കാന്‍ അനുവദിച്ചില്ല. ഇതിന് പുറമെ മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാത്തത് സമ്മർദമായിരുന്നു. ഇപ്പോള്‍ ചായക്കട നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നു'.

അടിമാലി പഞ്ചായത്തിലെ പ്ലാമല ആദിവാസി കോളനിയിലാണ് ഭര്‍ത്താവിനോടൊപ്പം സ്​മിത ചായക്കട തുടങ്ങിയത്​. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദിവാസി സമുദായത്തില്‍പ്പെട്ട സ്മിത കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചാണ് വിജയിച്ചത്. പ്രസിഡൻറ്​ പദം ആദിവാസി വനിതക്ക് സംവരണം ചെയ്തതിനാൽ പഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റു.

ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ സ്വതന്ത്ര അംഗത്തി​െൻറ പിന്തുണയോടെയായിരുന്നു ഭരണം. ടൗണില്‍ ഓട്ടോ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നതിനിടെയാണ് ജനപ്രതിനിധിയായി നേതൃസ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നേതൃത്വം അനുവദിച്ചില്ല. വൈസ് പ്രസിഡൻറ്​ സ്ഥാനം ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് രംഗത്ത് വന്നതോടെ പഞ്ചായത്തില്‍ ഭരണപ്രതിസന്ധിയുണ്ടായി. ഇതോടെ എല്‍.ഡി.ഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഈ സന്ദർഭത്തിലാണ്​ പാര്‍ട്ടിയും മുന്നണിയും തന്നെ മാനസികമായി തകർക്കുകയാണെന്ന്​ മനസ്സിലാക്കി താൻ അവിശ്വാസം ചര്‍ച്ചക്കെടുത്ത ദിവസം സി.പി.എമ്മില്‍ ചേര്‍ന്നതെന്ന്​ ഇവർ പറയുന്നു. പ്രസിഡൻറ്​ പദവും മെംബര്‍സ്ഥാനവും രാജിവെച്ചായിരുന്നു ഇത്​. ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. ഇതോടെ തളര്‍ന്നു. രാഷ്​ട്രീയം മടുത്തു.

തുടർന്ന്​ ഭര്‍ത്താവ് തുടങ്ങിയ ചായക്കടയില്‍ സഹായിയായി ഒപ്പംചേര്‍ന്നു. ഈ തെരഞ്ഞെടുപ്പിലും മത്സരിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടി മുന്നോട്ടുവന്നിരുന്നു. എന്നാല്‍, മത്സരരംഗത്തേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് സ്​മിത മുനിസ്വാമി 'മാധ്യമ'ത്തോട്​ പറഞ്ഞു. സ്വയംതൊഴില്‍ പദ്ധതിപ്രകാരം ലഭിച്ച ഓട്ടോ പ്ലാമലയില്‍ വീടിനോട് ചേര്‍ന്ന് ഒതുക്കിയിട്ടിട്ടുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് ഓട്ടം പോകുന്നത്​. അനന്തുവും അന്‍ജനയുമാണ് മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.