കഞ്ചാവുചെടി ഉദ്യോഗസ്ഥർ പറിച്ചെടുക്കുന്നു
അടിമാലി: ഇടുക്കിയിൽ നട്ടുവളർത്തിയ കഞ്ചാവുചെടികൾ കണ്ടെത്തി. വട്ടവട പുഴയോട് ചേർന്ന് വനമേഖലയിൽ നിന്നാണ് 96 കഞ്ചാവുചെടികൾ കണ്ടെത്തിയത്. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ആർ. അനിൽകുമാറും എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, ഇടുക്കി സംഘവും ചിലന്തിയാറിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വർഷങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ ഏറ്റവും വലിയ കഞ്ചാവ് കൃഷിയിടം എന്ന് അറിയപ്പെട്ടിരുന്ന ചിലന്തിയാറിൽ വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തിയത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.
സെൻട്രൽ എക്സൈസും സംസ്ഥാന സർക്കാറും വനം വകുപ്പും വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇവിടെ കഞ്ചാവ് തോട്ടങ്ങൾ ഉന്മൂലനം ചെയ്തത്. പിന്നീട് വനം വകുപ്പ് ഓഫിസുകൾ തുറക്കുകയും കൃഷി പൂർണമായി തടയുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും കഞ്ചാവ് ചെടികൾ കണ്ടെത്തിയത് ചിലന്തിയാർ, കടവരി, കൊട്ടാക്കാമ്പൂർ മേഖലയിൽ ഇപ്പോഴും കഞ്ചാവ് തോട്ടങ്ങൾ ഉണ്ടെന്നതിന് തെളിവാണ്.
ഇടുക്കി അസി. എക്സൈസ് കമീഷണറുടെ നിർദേശാനുസരണം എക്സൈസ് വകുപ്പിന്റെ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായ ‘ഓപറേഷൻ ക്ലീൻ സ്ലേറ്റ്’നോട് അനുബന്ധിച്ച് ചിലന്തിയാർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചിലന്തിയാർ ഗുഹയുടെ സമീപത്ത് പുഴയോരത്ത് തടങ്ങളിലായി നടാൻ പാകപ്പെടുത്തിയ 96 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
മുന്തിയ ഇനം കഞ്ചാവ് ചെടികളാണ് നട്ടുവളർത്തിയതന്ന് എക്സൈസ് അധികൃതർ പറയുന്നു. മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകുന്ന കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു.
എക്സൈസ് ഇന്റലിജൻസിലെ എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രകാശ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി. പ്രദീപ്, എം.ഡി. സജീവ് കുമാർ, മൂന്നാർ എക്സൈസ് സർക്കിൾ ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. ബിനോയി, കെ.എസ്. മീരാൻ, സി.ഇ.ഒമാരായ ഹാരിഷ്, മൈതീൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.