പ്രിൻസിയുടെ വേദനകളിലേക്ക് ആശ്വാസത്തിന്‍റെ വെളിച്ചമെത്തുന്നു

അടിമാലി: പരിമിതികളുമായി പിറന്ന മകളുടെ അരികില്‍നിന്ന് മാറാന്‍ കഴിയാതെ ദുരിതത്തിലായ അമ്മയെയും കുടുംബത്തെയും സംരക്ഷിക്കുമെന്ന് ജില്ല കലക്ടര്‍ ഷീബ ജോർജ്. എല്ലുകൾക്ക് ബലം കുറയുന്ന രോഗം ബാധിച്ച മകളുടെ അരികിൽനിന്ന് മാറാതെ വീടിന്‍റെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ ജീവിതം തള്ളിനീക്കുന്ന മാങ്കുളം പാമ്പുങ്കയം വട്ടക്കുന്നേല്‍ പ്രിന്‍സിയുടെ (33) കഥ മാതൃദിനത്തിൽ 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കലക്ടറുടെ ഇടപെടൽ.

കുട്ടിയുടെ ചികിത്സ കാര്യങ്ങള്‍ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല ശിശുവികസന ഓഫിസർക്ക് കലക്ടർ നിർദേശം നൽകി. പഞ്ചായത്ത് നല്‍കിയ വീടിന്‍റെ അടിസ്ഥാന സൗകര്യം വികസിപ്പിച്ച് കുട്ടിയുടെ ജീവിതത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കും. പ്രിന്‍സിക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനും സൗകര്യം ഏർപ്പെടുത്തും. കുട്ടിക്ക് ശബ്ദം അസ്വസ്ഥത ഉണ്ടാക്കുന്ന സാഹചര്യത്തിൽ മുറി സൗണ്ട് പ്രൂഫാക്കി നൽകുന്നതും ആലോചിക്കും. പ്രിന്‍സിയുടെ അമ്മയും സഹോദരനും രോഗികളാണെന്നതും ശ്രദ്ധയില്‍പെട്ടതായി കലക്ടര്‍ പറഞ്ഞു.

ചെറിയൊരു ശബ്ദം കേട്ടാല്‍പോലും അലറിക്കരയുന്ന ആറു വയസ്സുകാരി മകള്‍ ടിംസിയുടെ വേദനകൾക്ക് മുന്നിൽ ജീവിതംതന്നെ വഴിമുട്ടിയ അവസ്ഥയിലാണ് പ്രിന്‍സിയും കുടുംബവും. കട്ടിലില്‍നിന്ന് ചലിക്കാനാകാത്ത മകളുടെ അരികില്‍നിന്ന് ഒരു നിമിഷം പോലും മാറാന്‍ ഈ അമ്മക്ക് കഴിയില്ല. നാടിന്‍റെ സഹായം ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ നല്‍കി കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താനാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ ജോസ് പറഞ്ഞു.

Tags:    
News Summary - Authorities to support Princy's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.