കര്‍ഷകനെ തൂമ്പകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

അടിമാലി: കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകനെ കല്ലിന് എറിഞ്ഞുവീഴ്ത്തി തൂമ്പ (മണ്‍വെട്ടി) ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം.

വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തോക്കുപാറയിലാണ് സംഭവം. തോക്കുപാറ വണ്ടാനത്ത് ഉതുപ്പിനാണ് (78) പരിക്കേറ്റത്.

ഗുരുതര പരിക്കേറ്റ ഉതുപ്പ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിൽ അയല്‍വാസി മണ്ണുങ്കല്‍ എം.എസ്. മണിക്കുട്ടനെതിരെ (49) വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.

ഉതുപ്പും ഭാര്യ അമ്മിണിയും സ്വന്തം പുരയിടത്തില്‍ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കെ അസഭ്യം പറഞ്ഞെത്തിയ മണിക്കുട്ടന്‍ ഉതുപ്പിനെ കല്ലിന് എറിഞ്ഞുവീഴ്ത്തിയ ശേഷം ഉതുപ്പിന്‍റെ കൈയിലിരുന്ന തൂമ്പ ബലമായി പിടിച്ചുവാങ്ങി വെട്ടുകയായിരുന്നുവെന്നാണ് പരാതി. തലക്കും കാലിനും സാരമായി മുറിവേറ്റിട്ടുണ്ട്. മേലാസകലം മർദനമേറ്റ പാടുകളുമുണ്ട്. ഭാര്യ അമ്മിണിയെയും തൂമ്പകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.

ആക്രണത്തില്‍ ബോധരഹിതനായി ഉതുപ്പ് വീണതോടെ മരിച്ചെന്ന ധാരണയില്‍ മണിക്കുട്ടന്‍ വെള്ളത്തൂവല്‍ പൊലീസില്‍ വിളിച്ച് വിവരം പറഞ്ഞശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ ബഹളംകേട്ടെത്തിയ നാട്ടുകാര്‍ ഉതുപ്പിനെ അടിമാലി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ മാസങ്ങളായി ഇവര്‍ വഴക്കിലായിരുന്നു. ഇതുസംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസില്‍ ഉതുപ്പ് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, പൊലീസ് വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നും പക്ഷപാതപരമായി പെരുമാറിയെന്നും ഉതുപ്പിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

Tags:    
News Summary - Attempt to kill a farmer with a sledgehammer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.