വൈദ്യുതി ബോർഡിന്റെ മൂലമറ്റത്തെ ക്വാർട്ടേഴ്സുകൾ, തകർന്ന് വീണ ക്വാർട്ടേഴ്സുകളിൽ ഒന്ന്
മൂലമറ്റം: കോടിക്കണക്കിന് രൂപ മുതൽമുടക്കി നിർമിച്ച ക്വാർട്ടേഴ്സുകൾ വെറുതെ കിടന്ന് നശിക്കുന്നു. വൈദ്യുതി ബോർഡിന്റെ മൂലമറ്റം കോളനിയിലെ കെട്ടിടങ്ങളിലാണ് ആളില്ലാത്തത്. ഇവിടെ ആകെ 403 ക്വാർട്ടേഴ്സുകളുണ്ട്.
ഇതിൽ 268 ക്വാർട്ടേഴ്സുകളിൽ മാത്രമാണ് കെ.എസ്.ഇ.ബിയിലെ ജീവനക്കാർ താമസിക്കുന്നത്. 51 ക്വാർട്ടേഴ്സുകളിൽ മറ്റു സർക്കാർ ഓഫിസുകളിലെ ഉദ്യോഗസ്ഥരും. ബാക്കി ഒഴിഞ്ഞ് കിടക്കുകയാണ്. 52 എണ്ണം അറ്റകുറ്റപ്പണി നടത്തിയാൽ ഉപയോഗിക്കാൻ കഴിയും. എന്നാൽ, 18 ക്വാർട്ടേഴ്സുകൾ ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ച് കഴിഞ്ഞു.
കെട്ടിടങ്ങൾ മെയ്ൻറൻസ് ചെയ്യാറില്ല എന്ന് ആക്ഷേപമുണ്ട്. അതുകൊണ്ട് തന്ന ഷീറ്റിന്റെ മുകളിൽ പുല്ല് വളർന്ന് കെട്ടിടം താറുമാറായിക്കൊണ്ടിരിക്കുകയാണ്. മരം വീണും കാലപ്പഴക്കത്താലും നശിക്കുന്നവയും ഇതിൽ ഉണ്ട്.
മൂലമറ്റം പവർ ഹൗസിന്റെ ആവശ്യത്തിന് വേണ്ടി 1965 പണിതീർത്ത കെട്ടിടങ്ങൾ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ക്വാർട്ടേഴ്സുകൾ മോശമായതിനാൽ കെ.എസ്.ഇ.ബിയിലെ ചില ഉദ്യോഗസ്ഥർ വാടകവീടുകളിലേക്ക് മാറിയിട്ടുണ്ട്. ഇവ അറ്റകുറ്റപ്പണികൾ തീർത്ത് വാടകയ്ക്ക് കൊടുത്താൽ മറ്റു സർക്കാർ ഉദ്യോഗസ്ഥർ വാടകയ്ക്ക് എടുക്കാൻ തയാറാണ്. തണലിനായി കോളനിയിൽ നട്ടുപിടിപ്പിച്ച വലിയ വാകമരങ്ങൾ വളർന്ന് കെട്ടിടങ്ങളുടെ മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്നു. ശിഖരങ്ങൾ ഒടിഞ്ഞ് വീണാൽ കെട്ടിടം തകരും. അപകടകരമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റി ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.