മാടിവിളിച്ച്​ മഴയും കുളിരും; സഞ്ചാരികൾ ഇടുക്കിയിലേക്ക്​

അടിമാലി: കോവിഡ്‌ ആശങ്കകള്‍ കുറഞ്ഞതോടെ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവുകൂടിയത്​ വിനോദസഞ്ചാര മേഖലക്ക്​ പ്രതീക്ഷ പകരുന്നു. സഞ്ചാരികളെത്തി തുടങ്ങിയതോടെ ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വരുമാനം കൂടിയിട്ടുണ്ട്​.
കോവിഡ്‌ വ്യാപനത്തെ തുടർന്ന്​ മാസങ്ങളോളം കേന്ദ്രങ്ങൾ അടഞ്ഞുകിടന്നതിനാൽ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കുന്നതിലടക്കം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വലിയ വെല്ലുവിളി നേരിട്ടിരുന്നു. എന്നാല്‍, നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നത്‌ ജില്ലക്കാകെ പ്രതീക്ഷ നല്‍കുന്നതാണ്​. വരും ദിവസങ്ങളില്‍ വിഷു, ഈസ്‌റ്റര്‍ ആഘോഷങ്ങള്‍ക്കായി കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ്‌ പ്രതീക്ഷ.
സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ഡി.ടി.പി.സിയുടെ കീഴിലുള്ള 11 കേന്ദ്രങ്ങളിലും വരുമാനവും വര്‍ധിച്ചു. കഴിഞ്ഞ രണ്ട്‌ ദിവസത്തിനിടെ ഈ കേ​ന്ദ്രങ്ങളിൽ മാത്രം എത്തിയത്‌ പതിനയ്യായിരത്തോളം സഞ്ചാരികളാണ്‌. രണ്ട്‌ ദിവസംകൊണ്ട്‌ ലഭിച്ചത്‌ മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ്​.
കടുത്ത ചൂട്‌ ശമിപ്പിച്ച്‌ മഴ ലഭിച്ചതോടെ സഞ്ചാരികള്‍ക്ക്‌ ഹൈറേഞ്ചിലെ തണുത്ത കാലാവസ്ഥ ആസ്വദിക്കാവുന്ന സാഹചര്യമാണ്​. മഴ പെയ്‌തതോടെ സമൃദ്ധമായ ജലാശയങ്ങളും മനോഹര കാഴ്‌ചയാണ്‌. പ്രജനന കാലശേഷം രാജമല തുറന്നതോടെ വരയാടുകളെ കാണാനും നിരവധി സഞ്ചാരികളെത്തിത്തുടങ്ങി. തേക്കടിയിലെ പുഷ്‌പമേളയും മൂന്നാറില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന പുഷ്​പോത്സവവും കൂടുതൽ സഞ്ചാരികളെ ഇടുക്കിയിലേക്ക്​ ആകർഷിക്കും.
വരുംദിവസങ്ങളില്‍ സഞ്ചാരികളെത്തുന്നതോടെ ഇടുക്കിയുടെ വിനോദസഞ്ചാര മേഖല പഴയ പ്രതാപകാലത്തിക്ക്​ മടങ്ങിയെത്തുമെന്നാണ്​ ഡി.ടി.പി.സിയുടെ പ്രതീക്ഷ. ഒപ്പം വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന ആയിരക്കണക്കിന്‌ കുടുംബങ്ങളും ആശ്വാസത്തിലാണ്​.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT