ഇടമലക്കുടിയിൽ ഇന്‍റർനെറ്റിന്​ 4.30 കോടി

P/4 lead ഇടുക്കി: ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ ഇന്‍റർനെറ്റ്, മൊബൈൽ കണക്ടിവിറ്റി സൗകര്യമൊരുക്കാൻ 4.30 കോടിയുടെ പദ്ധതിക്ക്​ ഭരണാനുമതി. പട്ടികവർഗ വകുപ്പിന്‍റെ കോർപസ് ഫണ്ടിൽനിന്നാണ് 4,30,74, 727 രൂപ അനുവദിച്ചത്. കേരളത്തിലെ ആദ്യ ആദിവാസി ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി. മുതുവാൻ വിഭാഗത്തിൽപെട്ട ആദിവാസികളാണ് ഇവിടെ അധിവസിക്കുന്നത്. ബി.എസ്​.എൻ.എല്ലാണ് ഇടമലക്കുടിയിൽ ഇന്‍റർനെറ്റ് സൗകര്യം ഒരുക്കുന്നത്. ഇന്‍റർനെറ്റ്​, മൊബൈൽ കണക്ടിവിറ്റി സൗകര്യങ്ങളില്ലാത്തതിനാൽ കോവിഡ്​കാലത്ത്​ ഇടമലക്കുടിയിലെ കുട്ടികൾക്ക്​ ഓൺലൈൻ ക്ലാസുകളിൽ പ​​​ങ്കെടുക്കാൻ കഴിയാത്തത്​ ഏറെ ചർച്ചയായിരുന്നു. കോവിഡിന്‍റെ ആദ്യഘട്ടത്തിൽ പ്രദേശത്ത്​ രോഗം റിപ്പോർട്ട്​ ചെയ്യാത്തതിനാൽ റെഗുലർ ക്ലാസ്​ നടത്തി ഇടമലക്കുടി ഗവ. എൽ.പി സ്കൂൾ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, പിന്നീട്​ രോഗം റിപ്പോർട്ട്​ ചെയ്യപ്പെട്ടതോടെ റെഗുലർ ക്ലാസ്​ മുടങ്ങി. ഇടമലക്കുടിയിലെ 24 കുടികളിലും മൊബൈൽ റേഞ്ചോ കേബിൾ കണക്​ഷനോ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനവും സാധ്യമായിരുന്നില്ല. കുടികളിൽ നേരിട്ടെത്തി പഠനപ്രവർത്തനങ്ങൾ നടത്തുന്നതിനെക്കുറിച്ച്​ വിദ്യാഭ്യാസ വകുപ്പ്​ ആലോചിച്ചെങ്കിലും ആകെയുള്ള രണ്ട്​ അധ്യാപകർ വനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തി പഠിപ്പിക്കുന്നതും പ്രായോഗികമായിരുന്നില്ല. പിന്നീട്​ പുറത്തുനിന്ന് പെന്‍ഡ്രൈവിലാക്കി ക്ലാസിന്‍റെ വിഡിയോ കൊണ്ടുപോയി കൊടുക്കുകയായിരുന്നു. എന്നാൽ, കുടികളിലേക്കുള്ള ദുർഘടപാതകളും പ്രതികൂല കാലാവസ്ഥയുമെല്ലാം ഇതിനും തിരിച്ചടിയായി. മൊബൈൽ, ഇന്‍റർനെറ്റ്​ കണക്ടിവിറ്റി സൗകര്യങ്ങൾ ഒരുക്കുന്നതോടെ ഇടമലക്കുടിയുടെ തൊഴിൽ, വിദ്യാഭ്യാസ മേഖലകൾക്ക്​ ഉണർവുണ്ടാകുമെന്നാണ്​ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.