തേവര -പേരണ്ടൂർ കനാൽ ശുചീകരണം: പൂർത്തിയായത്​ 35 ശതമാനം മാത്രമെന്ന്​ കോർപറേഷൻ

കൊച്ചി: തേവര -പേരണ്ടൂർ കനാൽ ശുചീകരണ പ്രവൃത്തികളുടെ 35 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്ന്​ കൊച്ചി കോർപറേഷൻ ഹൈകോടതിയിൽ. സ്​റ്റേഡിയം ലിങ്ക് റോഡ് 90 ശതമാനം (2.16 കോടി), കാരണക്കോടം തോട്, അടിമുറി തോട് 70 ശതമാനം (2.83 കോടി), ചങ്ങാടംപോക്ക് തോട് 65 ശതമാനം (1.61 കോടി) തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയതായി കോർപ​റേഷൻ സെക്രട്ടറി ആർ. രാഹുൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മറ്റ് ചെറിയ ജോലികൾക്കായി 17.19 കോടിയും ചെലവഴിച്ചു. ​കനാൽ വൃത്തിയാക്കാൻ 20 കോടിയുടെ അനുമതിയാണ് ലഭിച്ചത്. 2018 ജൂൺ 19ന്​ ജോലികൾ തുടങ്ങി. കോർപറേഷൻ എൻജിനീയർമാർ നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യമായ സാങ്കേതിക പിന്തുണയില്ലാത്തതിനാൽ ജോലികൾ കാര്യക്ഷമമായി നടത്താനാകുന്നില്ല. രൂപരേഖ തയാറാക്കലടക്കം കാര്യങ്ങൾക്ക്​ സാങ്കേതിക പഠനങ്ങളൊന്നും നടത്തിയിട്ടില്ല. വിദഗ്ധ ഏജൻസിയുടെ സാങ്കേതിക പിന്തുണയും ആവശ്യമാണ്​. വെള്ളം ഒഴുകിപ്പോകാൻ കനാലി​ൻെറയും ഓടകളുടെയും മാപ്പിങ്ങും നടത്തേണ്ടതുണ്ട്. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ കനാലുകളുടെയും കാനകളുടെയും ശേഷി സംബന്ധിച്ച വിവരങ്ങളും അനിവാര്യമാണ്​. ജൂലൈ 29 ലെ വെള്ളക്കെട്ടിന് കാരണം രാത്രി ഒന്നു​ മുതൽ രാവിലെ ഒമ്പത് വരെ പെയ്ത കനത്ത മഴയാണെന്ന്​ റിപ്പോർട്ടിൽ പറയുന്നു. വേലിയേറ്റം ശക്​തമായതിനാൽ മുല്ലശ്ശേരി കനാലിൽനിന്ന് വെള്ളം കായലിലേക്ക് ഇറങ്ങുന്നതിനും തടസ്സമായി. കനാലി​ൻെറ തുടക്കഭാഗത്ത് കൂടുതൽ മോട്ടോറുകൾ സ്ഥാപിച്ചാൽ വെള്ളം കായലിലേക്ക് പമ്പ് ചെയ്ത് കളയാനാകും. എം.ജി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കാന വൃത്തിയാക്കുന്നുണ്ട്​. പനമ്പിള്ളി നഗറിലെ പരിഹാരത്തിന്​ കലുങ്ക്​​ പുനർനിർമിക്കുകയും സ്​റ്റേഡിയം ലിങ്ക് റോഡിലെ ​​​പ്രശ്​ന പരിഹാരത്തിന്​ ചങ്ങാടം പോക്ക് - കാരണക്കോടം കനാലുകൾ തമ്മിൽ ബന്ധിപ്പിക്കുകയും വേണം. സൗത്ത് റെയിൽവേ സ്​റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്​റ്റേഷൻ, കാരിക്കാമുറി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുല്ലശ്ശേരി കനാലിലെയും പേരണ്ടൂർ കനാലിലെയും നീരൊഴുക്ക് ക്രമപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.