ആരറിയുന്നു ഇവരുടെ സങ്കടങ്ങൾ? (ലോക്കൽ പരമ്പര 3)

കുടിവെള്ളം പോലും കിട്ടാതെ ഉമ്മൻ ചാണ്ടി കോളനി പ്രായം അരനൂറ്റാണ്ടിനോടടുക്കുന്ന മഴുവടി ഉമ്മൻ ചാണ്ടി കോളനിക്ക്‌ വികസനം ഇപ്പോഴും ഒരു വിദൂര സ്വപ്​നമാണ്​. ആദിവാസി ക്ഷേമത്തിന് ഫണ്ട്​ വാരിക്കോരി നൽകുന്നതായി സർക്കാർ അവകാശപ്പെടുമ്പോഴും ഈ കോളനിക്ക് പറയാനുള്ളത്​ കണ്ണീരിന്‍റെ നനവുള്ള കഥകൾ മാത്രം. കുടിക്കാൻ വെള്ളമില്ല, കിടക്കാൻ പ്ലാസ്റ്റിക്​ വലിച്ചുകെട്ടിയ നനഞ്ഞൊലിച്ച വീടുകൾ, തകർന്ന റോഡുകൾ, തൊഴിൽ രഹിതരായ ചെറുപ്പക്കാർ, മദ്യവും കഞ്ചാവുമായെത്തുന്ന ഇടനിലക്കാർ, മുറ തെറ്റാതെയെത്തുന്ന ബാങ്കിന്‍റെ ജപ്തി നോട്ടീസ്​... തുടങ്ങി മഴുവടി കോളനിക്കാർക്ക്​ നിരത്താനുള്ളത്​ പരാധീനതകൾ മാത്രം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നേരിട്ടെത്തി പ്രഖ്യാപിച്ച ഒരുകോടി രൂപ പോലും വിനിയോഗിക്കാനായില്ല. കുടിവെള്ളക്ഷാമമാണ് ഇപ്പോൾ കോളനിയിലെ ആദിവാസി കുടുബങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. നാളുകൾ നീണ്ട നിവേദനങ്ങൾക്കും പ്രതിഷേധത്തിനുമൊടുവിൽ ജലനിധിയിൽപ്പെടുത്തി കുടിവെള്ള പദ്ധതിക്ക് അനുമതി കിട്ടി. കുളം നിർമിച്ച്​ മോ​ട്ടറും വഴിയോര പൈപ്പുകളും സ്ഥാപിച്ചു. വീടുകളിലേക്ക്​ പൈപ്പ്​ കണക്​ഷൻ നൽകി. വെള്ളം ഇഷ്ടംപോലെ. കരാറുകാരൻ ബില്ലുമാറി തുകയുമായി സ്ഥലംവിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജലവിതരണം നിലച്ചു. നിലവാരമില്ലാത്തതും വിലകുറഞ്ഞതുമായ നിർമാണ വസ്തുക്കൾ ഉപയോഗിച്ചതാണ്​ പദ്ധതി അകാലചരമം ​പ്രാപിക്കാൻ കാരണം. കഴിഞ്ഞ ഒരുവർഷത്തിലധികമായി കിലോമീറ്ററുകൾക്കകലെനിന്ന്​ തലച്ചുമടായി വെള്ളം കൊണ്ടുവന്ന്​ ഉപയോഗിക്കുകയാണ്​ ഇവിടു​ത്തെ കുടുംബങ്ങൾ. (തുടരും) ചിത്രം TDL cheruthoni: ഉമ്മൻ ചാണ്ടി കോളനിയിൽ പ്രവർത്തനം നിലച്ച ജലനിധി പദ്ധതിയുടെ പമ്പ്​ഹൗസ് Box പ്ലാക്കത്തടം കോളിനിയുടെ മുഖച്ഛായ മാറുന്നു പീരുമേട് പ്ലാക്കത്തടം കോളിനിയിൽനിന്ന് രോഗികളെ കസേരയിൽ ഇരുത്തി നാലുപേർ ചേർന്ന് തോളിലേറ്റി റോഡിലെത്തിച്ചതും മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിൽ കുട്ടികൾ പഠിച്ചതുമെല്ലാം ഇന്ന്​ ഓർമയാണ്​. ജില്ലയിലെ മറ്റ്​ പല കോളനികളും അടിസ്ഥാന സൗകര്യങ്ങൾക്കായി കാത്തിരിപ്പ്​ തുടരുമ്പോൾ പ്ലാക്കത്തടം കോളനി വികസനത്തിന്‍റെ പാതയിലാണ്. പീരുമേട് ടൗണിൽനിന്ന്​ മൂന്നര കിലോമീറ്റർ അകലെ പെരിയാർ കടുവ സ​​ങ്കേതത്തിൽ നാലു വശവും വനത്താൽ ചുറ്റപ്പെട്ട ജനവാസ കേന്ദ്രമാണ് പ്ലാക്കത്തടം കോളനി. 1950ൽ ജനവാസം ആരംഭിച്ച കോളനിയിലുള്ളത്​ പട്ടികവർഗ വിഭാഗക്കാരാണ്. കൃഷിയാണ് ഉപജീവനമാർഗം. ഉയർന്ന മലയടിവാരത്തിൽ സ്ഥിതി ചെയ്യുന്ന കോളനിയിൽ 2019വരെ റോഡ് ഇല്ലായിരുന്നു. മലഞ്ചരുവിൽ ഒരു നടപ്പാത മാത്രം. വീട്​ നിർമാണത്തിനടക്കം കഴുതപ്പുറത്താണ്​ സാധനങ്ങൾ എത്തിച്ചിരുന്നത്​. കോളനിയിൽനിന്ന് തോട്ടാപ്പുരയിലെ റോഡ് വരെ ഒന്നര കിലോമീറ്റർ കയറ്റമാണ്. രോഗികളെ ഇതുവഴി ചുമക്കണമായിരുന്നു. കാർഷിക ഉൽപന്നങ്ങൾ റോഡി​ലെത്തിക്കാൻ കിലോക്ക് രണ്ടുരൂപ നൽകണം. എന്നാൽ, 2019ൽ ഗതാഗത സൗകര്യം വന്നതോടെ കോളനിയുടെ മുഖച്ഛായ മാറി. കാർഷിക ഉൽപന്നങ്ങൾക്ക്​ മെച്ചപ്പെട്ട വില ലഭിച്ചുതുടങ്ങി. 73 കുടുംബങ്ങളിലായി 285 അംഗങ്ങളുണ്ട്. എല്ലാ വീട്ടിലും വൈദ്യുതി എത്തി. കുടിവെള്ള പദ്ധതികളും പൂർത്തിയായി വരുന്നു. കോളനിയിൽ അംഗൻവാടിയും ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്​. വിവിധ മൊബൈൽ കമ്പനികളുടെ നെറ്റ്​വർക്കും കോളനിയിൽ ലഭ്യമാണ്. കോളനിയിൽനിന്നുള്ള 14പേർ വിവിധ സർക്കാർ വകുപ്പുകളിൽ ജോലിചെയ്യുന്നു. എം.ബി.ബി.എസ്​ വിദ്യാർഥിനികളായ നന്ദിത, ധനുഷ എന്നിവർ കോളനിയുടെ അഭിമാനമാണ്. ചിത്രം: TDL Peerumedu പ്ലാക്കത്തടം കോളനിയിലേക്കുള്ള കോൺക്രീറ്റ്​ റോഡ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.