കട്ടപ്പന നഗരസഭ, കാഞ്ചിയർ പഞ്ചായത്തുകളിലായി ഒമ്പത് ദിവസത്തിനിടെ 272പേർക്ക് കോവിഡ്

കട്ടപ്പന: കട്ടപ്പന നഗരസഭയിലും കാഞ്ചിയർ പഞ്ചായത്തിലുമായി ഒമ്പത്​ ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 272 പേർക്ക്. വിനയായത് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം. ഇതിൽ 95 ശതമാനത്തിലധികവും സാമൂഹിക വ്യാപനമാണ്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിക്കാതെയും വീഴ്ച വരുത്തിയതാണ് രോഗം അതിവേഗം വ്യാപിക്കാൻ കാരണം. രോഗബാധയുടെ ലക്ഷണങ്ങൾ ഉള്ളവരും അവരുമായി ബന്ധപ്പെട്ടവരും പൊതുസ്ഥലങ്ങൾ, ചന്തകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന്​ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്​ എല്ലായിടത്തും തിരക്കായിരുന്നു. ഇത്‌ നിയന്ത്രിക്കുന്നതിൽ അധികൃതർക്കും വീഴ്ചപറ്റി. ഇതാണ് കോവിഡ് വ്യാപനത്തി​ൻെറ പ്രധാന കാരണം. കട്ടപ്പന നഗരസഭ പരിധിയിൽ ജനുവരി ഒന്നിന് മൂന്നുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം തീയതിയായപ്പോൾ 20 ആയി ഉയർന്നു. മൂന്നാം തീയതി 22പേർക്കാണ് സ്ഥിരീകരിച്ചത്​. നാലും അഞ്ചും തീയതികളിലായി ആകെ അഞ്ചുപേർക്കാണ് രോഗബാധ റിപ്പോർട്ട്‌ ചെയ്തതെങ്കിൽ ആറാംതീയതി വീണ്ടും 22ആയി. ഏഴാംതീയതി 13പേർക്കാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ആരോഗ്യപ്രവർത്തകരെ ​െഞട്ടിച്ച്​ ഒറ്റദിവസം തന്നെ 71പേർക്ക് സ്ഥിരീകരിച്ചു. ഇന്നലെ 12കൂടി സ്ഥിരീകരിച്ചതോടെ ഒമ്പത് ദിവസത്തിനിടെ കട്ടപ്പന നഗരസഭ പരിധിയിൽ മാത്രം 170പേർക്കായി. കാഞ്ചിയാർ പഞ്ചായത്തിലാകട്ടെ ഒമ്പത് ദിവസത്തിനിടെ 102പേർക്കാണ് പകർന്നത്. രണ്ടാം തീയതി 26പേർക്കും മൂന്നിന്​ ഏഴു പേർക്കും അഞ്ചാം തീയതി 10 പേർക്കും ആറിന്​ രണ്ട് പേർക്കും ഏഴിന്​ ഒരാൾക്കും സ്ഥിരീകരിച്ചപ്പോൾ എട്ടിന്​ ഒറ്റദിവസം മാത്രം 32 പേർക്ക് സ്‌ഥിരീകരിച്ചു. ഇന്നലെ 24 പേർക്കാണ് സ്‌ഥിരീകരിച്ചത്​. ഇതോടെ ഒമ്പത് ദിവസത്തിനിടെ ആകെ 102പേർക്കായി. കട്ടപ്പന, കാഞ്ചിയർ സ്‌ഥലങ്ങളുടെ അടുപ്പവും രണ്ട് സ്‌ഥലങ്ങളിലെയും ആളുകൾ എപ്പോഴും ഇടകലരുന്നതുമാണ് വ്യാപനം രണ്ട് സ്‌ഥലങ്ങളിലും വർധിക്കാൻ കാരണം. തോട്ടം മേഖലയായ കാഞ്ചിയാറിലെ ആളുകൾ കട്ടപ്പന നഗരവുമായി ബന്ധപ്പെട്ടാണ്​ ജീവിക്കുന്നത്. രോഗം അതിവേഗം പകരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.