തൊടുപുഴ: ജില്ലയില്‍ ഹരിത ഓഡിറ്റിങ് നടത്തുന്നതിന് താലൂക്കുതലത്തില്‍ അഞ്ച് ജില്ലതല സമിതികള്‍ രൂപവത്കരിച്ചു. ഓരോ താലൂക്കിലെയും ജില്ല, താലൂക്കുതല ഓഫിസുകളുടെ ഹരിതചട്ട പാലനമായിരിക്കും ഈ സമിതികള്‍ വിലയിരുത്തുകയെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഹരിതകേരളം റിസോഴ്‌സ്പേഴ്‌സൻമാര്‍ കണ്‍വീനറായ സമിതികളില്‍ ശുചിത്വ മിഷൻെറ ഉൾപ്പെടെ അഞ്ച് അംഗങ്ങളുണ്ടാകും. ഇവര്‍ 11 മുതല്‍ 15വരെ തീയതികളില്‍ വിവിധ ഓഫിസുകളില്‍ പരിശോധന നടത്തും. ഗ്രാമ-ബ്ലോക്ക്-മുനിസിപ്പല്‍തലത്തില്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ രൂപവത്കരിക്കുന്ന പരിശോധന സമിതികളായിരിക്കും അവിടെയുള്ള ഓഫിസുകള്‍ക്ക് ഹരിത പരീക്ഷ നടത്തുക. ജില്ലയിലെ മുഴുവന്‍ ഓഫിസിലും ഹരിത ഓഡിറ്റിങ് 20നകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ പറഞ്ഞു. ആകെ മാര്‍ക്ക് 100; 70 കിട്ടിയാല്‍ ജയിക്കും ഓഡിറ്റിങ് ടീം നടത്തുന്ന 'പരീക്ഷ'യുടെ ആകെ മാര്‍ക്ക് 100 ആണ്. പരിശോധനയില്‍ 90-100 മാര്‍ക്ക് നേടുന്ന ഓഫിസുകള്‍ക്കെല്ലാം എ ഗ്രേഡ് ലഭിക്കും. ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന (90-100 മാര്‍ക്ക് നേടുന്ന) മൂന്ന് ഓഫിസുകളെ തെരഞ്ഞെടുത്ത് അവാര്‍ഡ് നല്‍കും. 80-89 വരെ മാര്‍ക്ക് നേടുന്നവക്ക് ബിയും 70-79 മാര്‍ക്ക് ലഭിക്കുന്നവക്ക് സി ഗ്രേഡും ലഭിക്കും. 70ല്‍ താഴെ മാര്‍ക്ക് ലഭിച്ചാല്‍ തോല്‍ക്കും. എന്നാല്‍, പിന്നീട് 'പാസാകാന്‍' ആവശ്യമായ ക്രമീകരണമൊരുക്കാന്‍ ഒരു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിക്കും. അവാര്‍ഡ് നിര്‍ണയം, ഗ്രേഡിങ് എന്നിവ സംബന്ധിച്ച ആക്ഷേപം കലക്ടര്‍ പരിഹരിക്കും. മാര്‍ക്കുകള്‍ വരുന്ന വഴി നോഡല്‍ ഓഫിസറെ നിയോഗിച്ചിട്ടുള്ള ഓഫിസുകള്‍ക്ക് രണ്ട് മാര്‍ക്ക് ലഭിക്കും. പേപ്പറിലും പ്ലാസ്റ്റിക്കുകളിലും തെര്‍മോകോളിലും നിർമിതമായ എല്ലാത്തരം ഡിസ്‌പോസബിളുകളുടെയും നിരോധനം പൂര്‍ണമായും നടപ്പാക്കിയ ഓഫിസുകള്‍ക്ക് 15 മാര്‍ക്ക് ഉറപ്പാക്കാം. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്ന ജീവനക്കാരുടെ എണ്ണം, സ്ഥിരം ഉപയോഗത്തിനായി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ആവശ്യത്തിനുവാങ്ങി സൂക്ഷിക്കല്‍, ജൈവ അജൈവ മാലിന്യസംസ്‌കരണത്തിന് സംവിധാനം എന്നിവക്ക് 10 മാര്‍ക്ക് വീതമുണ്ട്. അജൈവ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും ക്രമീകരണം, ഇ-വേസ്റ്റുകള്‍, ഉപയോഗശൂന്യ ഫര്‍ണിച്ചറുകള്‍ എന്നിവ നീക്കം ചെയ്യല്‍, ദ്രവ മാലിന്യ സംസ്‌കരണ സംവിധാനം എന്നിവക്കുമുണ്ട് 10 മാര്‍ക്ക് വീതം. ജൈവ-അജൈവ മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നതിന് പ്രത്യേകം ബിന്നുകള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ എട്ട് മാര്‍ക്ക് കിട്ടും. പുരുഷ-സ്ത്രീ ജീവനക്കാര്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക ശുചിമുറി സംവിധാനം എന്നിവക്കെല്ലാം മാര്‍ക്ക് ലഭിക്കും. ഓഫിസില്‍ രൂപപ്പെടുന്ന ജൈവമാലിന്യം വളമാക്കി മാറ്റി ഫലപ്രദമായി അത് ഉപേയാഗപ്പെടുത്തി ജൈവ പച്ചക്കറി/പൂന്തോട്ടം എന്നിവ നിര്‍മിക്കുന്നതുമൊക്കെ കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന സംഗതികളാണ്. കൂടാതെ പുറമെ നിന്ന് നോക്കുമ്പോഴത്തെ വൃത്തിയും വെടിപ്പുമൊക്കെ മാര്‍ക്കിന് പരിഗണിക്കും. ജില്ലയിലെ വില്ലേജ്, താലൂക്ക് ഓഫിസുകൾ ഉൾപ്പെടെ 600 ഓഫിസുകളാണ് ഹരിത പരീക്ഷയെഴുതാനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.