കൂമ്പന്‍പാറക്കുസമീപം കൊടുംവളവില്‍ അപകടഭീഷണി

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കൂമ്പന്‍പാറക്ക് സമീപമുള്ള ഇടുങ്ങിയ കൊടുംവളവ് സുരക്ഷ സംവിധാനങ്ങളുടെ അഭാവത്താല്‍ അപകടഭീഷണി ഉയര്‍ത്തുന്നു. മൂന്നാറിലേക്കുള്ള വിനോദ സഞ്ചാരികളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്​. നേരിയൊരശ്രദ്ധ സംഭവിച്ചാല്‍ വാഹനങ്ങള്‍ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. ഇവിടെയുണ്ടായിരുന്ന സംരക്ഷണഭിത്തി ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്നു. അപായ സൂചനയെന്നോണം റിബണ്‍ വലിച്ചുകെട്ടിയിട്ടുണ്ട്. ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് താല്‍ക്കാലിക സുരക്ഷ ഒരുക്കുകയും വീതി വര്‍ധിപ്പിച്ച് അപകടവളവ് നിവര്‍ത്തുകയും വേണമെന്നാണ് ആവശ്യം. ഈ പ്രദേശത്ത് പാതയുടെ ഒരുഭാഗത്ത് വലിയ കൊക്കയാണ്. വഴി പരിചിതമല്ലാതെ എത്തുന്നവര്‍ക്ക് തൊട്ടരികില്‍ എത്തുമ്പോഴേ പാതയുടെ വീതിക്കുറവും അപകടസാധ്യതയും തിരിച്ചറിയാന്‍ കഴിയൂ. ഒരേസമയം രണ്ട് വാഹനങ്ങള്‍ക്ക് ഇടുങ്ങിയ ഈ വളവിലൂടെ മറികടന്ന് പോകാന്‍ സാധിക്കില്ല. വിനോദ സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കേറുന്നതോടെ പലപ്പോഴുമിവിടെ ഗതാഗതക്കുരുക്കും രൂപംകൊള്ളാറുണ്ട്. പ്രദേശത്ത് മുമ്പ് അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി സമീപവാസികള്‍ പറഞ്ഞു. അപകടസാധ്യത ഇല്ലാതാക്കാന്‍ ദേശീയപാത വിഭാഗത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം. idl adi 2 road ചിത്രം - ദേശീയപാതയിൽ കൂമ്പൻപാറയിലെ വളവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.