തൊടുപുഴ: ചാഴികാട്ട് ആശുപത്രിയും ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിൻെറ പിന്തുണയോടെ പ്രവർത്തിക്കുന്ന കാർക്കിനോസ് ഹെൽത്ത് കെയറും ചേർന്ന് രൂപം കൊടുത്ത ചാഴികാട്ട് കാർക്കിനോസ് കാൻസർ സെന്‍ററിൻെറ ഔദ്യോഗിക ഉദ്ഘടനം ഈ മാസം ഏഴിന് വൈകീട്ട് 3.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കീമോതെറപ്പി സെന്‍റർ പി.ജെ. ജോസഫ് എം.എൽ.എയും ഓങ്കോളജി സർജറി ഡിപ്പാർട്മെന്‍റ് എം.എം. മണി എം.എൽ.എയും ഏർലി ഡിറ്റക്ഷൻ സെന്‍റർ ഡീൻ കുര്യാക്കോസ് എം.പിയും ഉദ്ഘാടനം ചെയ്യും. ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻെറ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡോക്ടർ കൺസൾട്ടൻസി, ഡേകെയർ കീമോതെറപ്പി, ഓങ്കോളജി സർജറി, മുൻകൂട്ടിയുള്ള രോഗനിർണയ സ്ക്രീനിങ് സേവനങ്ങൾ സെന്‍ററിൽ ലഭ്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെന്‍റർ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും തൊടുപുഴയുടെ പ്രാന്തപ്രദേശങ്ങളിലും അർബുദ ബോധവത്കരണ സെമിനാറുകളും പരിശോധനകളും സംഘടിപ്പിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ചാഴികാട്ട് ആശുപത്രി ചെയർമാൻ ഡോ. ജോസഫ് സ്റ്റീഫൻ, ജോയന്‍റ് എം.ഡി ഡോ. സി.എസ്. സ്റ്റീഫൻ, ജനറൽ മാനേജർ തമ്പി മാവേലിക്കര, കാർക്കിനോസ് ഹെൽത്ത് കെയർ ഡയറക്ടർ ഡോ. കെ. രാമദാസ് എന്നിവർ പങ്കെടുത്തു. ഉമ തോമസിന് കെട്ടിവെക്കാൻ തുക നൽകി ചെറുതോണി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെട്ടിവെക്കുന്നതിന് പി.ടി.യുടെ ജന്മനാട്ടിൽനിന്ന് കോൺഗ്രസ് പ്രവർത്തകർ സമാഹരിച്ച തുക യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു കൈമാറി. ഡീൻ കുര്യാക്കോസ് എം.പി, എ.പി. ഉസ്മാൻ, ജോണി ചീരാൻകുന്നേൽ, കെ.ബി. സെൽവം, എം.ഡി അർജുനൻ, ജോൺ നെടിയപാല, അരുൺ പൊടിപാറ, ബിജോ മാണി, മുകേഷ് മോഹൻ, വിജയകുമാർ മറ്റക്കര, ജിൻസി ജോയ് എന്നിവരും പങ്കെടുത്തു. ബുധനാഴ്ച അതിരാവിലെ പി.ടിയുടെ കുടുംബവീട്ടിൽ എത്തിയ ഉമ തോമസിനെ ബന്ധുക്കളും നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. ഉപ്പുതോട് ജങ്ഷനിൽ എത്തി വ്യാപാരി വ്യവസായികളെയും കാത്തു നിന്ന കർഷകരെയും നേരിൽ കണ്ട് അനുഗ്രഹം തേടി. കട്ടപ്പന നഗരസഭ ചെയർപേഴ്സൻ ബീന ജോബി, മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ് ജിൻസി ജോയി, ജോൺ നെടിയപാല, എം.ഡി. അർജുനൻ, ബിജോ മാണി, കെ.ബി. സെൽവം, അരുൺ പൊടിപാറ തുടങ്ങിയവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.