പ്രതിരോധമെല്ലാം പാളി; കർഷകരെ വട്ടംകറക്കി കാട്ടുപന്നികൾ

കടുവ, പുലി എന്നിവയും ഭീഷണിയാണ് അടിമാലി: പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുമ്പോഴും കാട്ടുപന്നി ശല്യത്തിൽനിന്ന് കർഷകർക്ക് മോചനമില്ല. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള പദ്ധതിയും കർഷകർക്ക് പൂർണമായി പ്രയോജനപ്പെട്ടില്ല. മുമ്പ്​ വനാതിർത്തികളിൽ മാത്രമാണ് കാട്ടുപന്നികൾ നാശംവിതച്ചിരുന്നത്. ഇപ്പോൾ വനമല്ലാത്ത സ്ഥലങ്ങളിലും കാട്ടുപന്നികൾ വിഹരിക്കുകയാണ്. മുമ്പ്​ പഴയ തുണി ഉപയോഗിച്ച് വേലി നിർമിച്ചാൽ കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ കടന്നിരുന്നില്ല. പിന്നീട് മുള്ളുകമ്പി വേലി സ്ഥാപിച്ചാലും കാട്ടുപന്നികൾ കൃഷിയിടത്തിൽ കടക്കുന്ന സ്ഥിതിയായി. ടിൻ ഷീറ്റുകൾ ഉപയോഗിച്ച് വേലി കെട്ടിയിട്ടും പടക്കം പൊട്ടിച്ചിട്ടും ഇപ്പോൾ രക്ഷയില്ല. മാങ്കുളം, കല്ലാർ, കുരുശുപാറ, കുരങ്ങാട്ടി, മച്ചിപ്ലാവ്, വാളറ, കൂമ്പൻപാറ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇവിടങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകർ രാത്രി കാവൽ കിടക്കുകയാണ്. തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്ക് പന്നിയെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ, ഇതുകൊണ്ട് കാര്യമായ പ്രയോജനം കർഷകർക്ക്​ കിട്ടുന്നില്ല. ദിവസങ്ങൾ കാവലിരുന്നാൽപോലും പന്നികളെ കാണാനാകില്ല. വെടിയേൽക്കുന്ന പന്നി ഓടി രക്ഷപ്പെടുന്ന സംഭവങ്ങളുമുണ്ട്. അടുത്തിടെ കുരുശുപാറയിൽ നാല്​ സ്ത്രീകൾക്ക് കാട്ടുപന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവിടെ ഉപദ്രവകാരിയായ ഒരു കാട്ടുപന്നിയെ വനപാലകർ വെടിവെച്ചുകൊന്നു. മാങ്കുളത്ത് കാട്ടുപന്നിക്ക് പുറമെ കടുവ, പുലി എന്നിവയും ഭീഷണിയാണ്. ഒരാഴ്ചക്കിടെ രണ്ട് വളർത്തുനായക​ളെയും ഒരു ആടിനെയും വന്യമൃഗങ്ങൾ കൊന്നു. എന്നാൽ, ജനങ്ങളുടെ ഭീതിയകറ്റാൻ ഒരു നടപടിയുമുണ്ടാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.