സുരക്ഷയൊരുക്കണം ട്രാൻസ്​ഫോർമറുകൾക്ക്

അടിമാലി: റോഡരികിലെ ട്രാന്‍സ്‌ഫോർമറുകള്‍ക്ക്​ സുരക്ഷവേലിയില്ലാത്തത് അപകട ഭീഷണിയുയര്‍ത്തുന്നു. അടിമാലി, രാജാക്കാട്, ചിത്തിരപുരം ഇലട്രിക്കല്‍ മേജര്‍ സെക്​ഷനുകള്‍ക്ക് കീഴില്‍ 30ലേറെ ട്രാന്‍സ്‌ഫോർമറുകളാണ് സുരക്ഷ വേലിയില്ലാതെ നില്‍ക്കുന്നത്. പലതും കുട്ടികളുടെ വരെ കൈയെത്തിയാൽ തൊടാവുന്ന ദൂരത്താണ്​. കൊച്ചി-മധുര ദേശീയപാതക്കരികില്‍ പത്താംമൈലില്‍ ദേശീയപാതക്കരികിലുള്ള ട്രാന്‍സ്‌ഫോർമറില്‍ പൊട്ടിത്തെറി പതിവാണ്​. ഓട്ടോസ്റ്റാൻഡിനോട്​ ചേര്‍ന്ന് സുരക്ഷ സംവിധാനം ഇല്ലാതെ ട്രാൻസ്​ഫോർമര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അപകടം കണ്‍മുന്നിലാണെന്ന് ഡ്രൈവര്‍മാരും വ്യാപാരികളും പറയുന്നു. ദേവിയാര്‍ കോളനി ഗവ. ഹൈസ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്കും ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ഇത്​ ഭീഷണിയാണ്. അടിമാലി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് പിറകുവശത്ത് റോഡിനോട് ചേര്‍ന്ന് ഒരുമീറ്റര്‍ പോലും വ്യത്യാസമില്ലാതെയാണ് ട്രാൻസ്​ഫോർമര്‍ നിലകൊള്ളുന്നത്. നഴ്​സറി കുട്ടികളടക്കം നൂറുകണക്കിന് യാത്രക്കാരുള്ള ഈ പാതയില്‍ അപകടരഹിതമായി ട്രാന്‍സ്​ഫോർമര്‍ സ്ഥാപിക്കണമെന്ന പരാതിക്ക് പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും പരിഹരിക്കാന്‍ തയാറായിട്ടില്ല. മച്ചിപ്ലാവ് അസീസി ചര്‍ച്ചിന് സമീപത്തുനിന്ന്​ തലമാലിക്ക് പോകുന്ന പാതയില്‍ മച്ചിപ്ലാവ് ആദിവാസി കോളനിയോട് ചേര്‍ന്ന് റോഡ്​വക്കിലുള്ള ട്രാന്‍സ്‌ഫോർമറും ജനത്തിന് ഭീഷണിയാണ്. ഇരുമ്പുപാലത്തുനിന്ന്​ പടിക്കപ്പിന് പോകുന്ന റോഡില്‍ ചില്ലിത്തോട് പട്ടികജാതി കോളനിയോട് ചേര്‍ന്ന് അപകടാവസ്ഥയിലായിരിക്കുന്ന ട്രാന്‍സ്ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന പരാതിക്കും പരിഹാരം ഉണ്ടായിട്ടില്ല. സുരക്ഷ ഉറപ്പാക്കാന്‍ ലൈന്‍ ടച്ച് വെട്ടലും മറ്റ് നടപടികളുമായി കോടികള്‍ തുലക്കുന്ന വൈദ്യുതി വകുപ്പ് ട്രാന്‍സ്‌ഫോർമറുകളുടെ കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്. ഹൈറേഞ്ചിലെ മിക്ക ട്രാന്‍സ്‌ഫോർമറുകളും പ്രധാന റോഡുകള്‍ക്കരികിലാണുള്ളത്. ചുരുക്കം ചിലതിന്​ മാത്രമാണ് ഇരുമ്പുകമ്പി കൊണ്ടുള്ള ചുറ്റുവേലി തീര്‍ത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.