മതസൗഹാർദത്തിന്​ മാതൃകയായി മോഹനന്‍റെ കുരുത്തോല

അടിമാലി: മതസൗഹാർദത്തിന് മാതൃകയായി മോഹനന്‍റെ കുരുത്തോലകൾ. രാജാക്കാട് ഓണംപാറയിൽ മോഹനനാണ്​ തന്‍റെ പുരയിടത്തിലെ കുരുത്തോലകൾ അടുത്തുള്ള പള്ളിക്ക് നൽകിയത്​​. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് പുരയിടത്തിലെ 17 തെങ്ങിന്‍റെ കുരുത്തോലകളാണ് നൽകിയത്. ടൗണിൽ ബാർബർ ഷോപ് നടത്തുകയാണ്​ മോഹനൻ. ഹൈറേഞ്ച് മേഖലയിൽ മണ്ടവീഴ്ച മൂലം തെങ്ങുകൾ വ്യാപകമായി നശിച്ചതിനാൽ ഓശാന ഞായറാഴ്ച പള്ളികളിൽ കുരുത്തോല വിതരണം ചെയ്യുന്നത്​ ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഇതറിഞ്ഞ മോഹനൻ രാജാക്കാട് പള്ളി വികാരി ജോബിയച്ചനോട് കുരുത്തോല എത്തിച്ചുനൽകാമെന്ന് പറയുകയും ശനിയാഴ്ച തന്നെ സുഹൃത്ത് അജയനോടൊപ്പമെത്തി കുരുത്തോല കൈമാറുകയുമായിരുന്നു. വികാരി ഫാ. ജോബി വാഴയിൽ, സഹവികാരി ഫാ. അനീഷ് കുന്നത്തുംപാറയിൽ, ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ഐക്കരക്കുന്നേൽ, ജോണി റാത്തപ്പിള്ളിൽ, സെബാസ്റ്റ്യൻ കളപ്പുര എന്നിവർ ചേർന്ന് കുരുത്തോലകൾ ഏറ്റുവാങ്ങി. 1280 കുടുംബക്കാരുള്ള രാജാക്കാട് ഇടവകയിൽ ഓശാന തിരുനാളിന് നൽകാൻ 4000 അധികം കുരുത്തോലകൾ ആവശ്യമുണ്ട്. എന്നാൽ, മേഖലയിൽ തെങ്ങ് കൃഷി കുറവായതിനാൽ കുരുത്തോലക്ക് ക്ഷാമമുണ്ടെന്നറിഞ്ഞാണ്​ തന്‍റെ പുരയിടത്തിലെ കുരുത്തോല നൽകുന്നതെന്ന്​ മോഹനൻ പറഞ്ഞു. idl adi 1 ola ചിത്രം: രാജാക്കാട് പള്ളിയിൽ ഓശാന തിരുനാളിനുള്ള കുരുത്തോല മോഹനൻ വികാരി ഫാ. ജോബി വാഴയിലിന് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.