സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട വാഹനവും പ്രതിയും ഒരു വർഷത്തിനുശേഷം പിടിയിൽ

കട്ടപ്പന: സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട്​ കടന്നുകളഞ്ഞ വാഹനവും പ്രതിയും ഒരു വർഷത്തിനുശേഷം പിടിയിൽ. അണക്കര പുളിച്ചുമൂട്ടിൽ രാജനെ ഇടിച്ചിട്ട്​ കടന്നുകളഞ്ഞ കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനെയും ഇയാൾ ഓടിച്ച ബൊലേറോ ജീപ്പും ആണ് വണ്ടന്മേട് പൊലീസ് പിടികൂടിയത്. 2021 ജനുവരി 27ന്​ വണ്ടന്മേട് പാമ്പുപാറയിൽ ആയിരുന്നു അപകടം. പുറ്റടിയിൽനിന്ന്​ അണക്കരയിലേക്ക് വരുകയായിരുന്നു രാജൻ. പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന രാജനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരം തളർന്ന രാജൻ ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. വണ്ടന്മേട് പൊലീസ് രാജൻ തനിയെ വീണ് അപകടം പറ്റി എന്ന് വ്യക്തമാക്കി കേസ്​ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം തൃപ്തികരമല്ല എന്ന് കാണിച്ച് രാജന്‍റെ ഭാര്യ ഇടുക്കി പൊലീസ് മേധാവിക്കും കട്ടപ്പന ഡിവൈ.എസ്.പിക്കും പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈ.എസ്.പിയുടെ സ്പെഷൽ ടീമിനെ അന്വേഷണച്ചുമതല ഏൽപിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ്​ കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനാണ് അപകടം ഉണ്ടാക്കിയതെന്ന്​ കണ്ടെത്തിയത്​. തുടർന്ന്, പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദേശാനുസരണം കട്ടപ്പന ഡിവൈ.എസ്​.പി വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ എസ്​.ഐമാരായ സജിമോൻ ജോസഫ്, കെ.എം. ബാബു, സി.പി.ഒമാരായ സിനോജ് ജോസഫ്, ജോബിൻ ജോസ്, ടോണി ജോൺ, അനീഷ്, അനൂജ്, ശ്രീകുമാർ, സുബിൻ എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.