മൂലമറ്റം വെടിവെപ്പ്: പ്രതി ഉപയോഗിച്ചത് യു.കെ നിർമിത ബി.എസ്.എ കമ്പനി തോക്ക്

കാഞ്ഞാർ: മൂലമറ്റം വെടിവെപ്പ് സംഭവത്തിൽ പ്രതി ഉപയോഗിച്ച തോക്ക് യു.കെ നിർമിത ബി.എസ്.എ (ബിർമിങ്​ഹാം സ്മോൾ ആമ്സ്) കമ്പനിയുടേതെന്ന് വ്യക്തമായി. അതിലുപയോഗിച്ച തിര കർണാടകയിലെ ബല്ലാരി ശക്തിമാൻ കമ്പനിയുടേതാണെന്നും ഫിലിപ് മാർട്ടിൻ തിര വാങ്ങിയത് തമിഴ്നാട് സ്വദേശി നല്ലതമ്പിയിൽനിന്നാണെന്നും അന്വേഷണസംഘം കണ്ടെത്തി. ഇക്കാര്യങ്ങൾ കൂടുതൽ അന്വേഷിക്കാൻ ഒരുപൊലീസ് സംഘം കർണാടകയിലേക്കും ഒന്ന്​ തമിഴ്നാട്ടിലേക്കും തിരിച്ചു. മൂലമറ്റത്തെ തട്ടുകടയിൽ ഇഷ്ടഭക്ഷണം നൽകാത്തതിനെത്തുടർന്നുണ്ടായ വെടിവെപ്പിൽ, തോക്ക് കരിങ്കുന്നത്തെ ഇരുമ്പുപണിക്കാരന്റെ അടുക്കൽനിന്ന്​ ഒരു ലക്ഷം രൂപക്ക്​ വാങ്ങിയതാണെന്നാണ് പ്രതി ഫിലിപ്​ മാർട്ടിൻ മൊഴി നൽകിയിരുന്നത്​. എന്നാൽ, അന്വേഷണത്തിൽ തോക്ക് യു.കെ നിർമിതമാണെന്നും ബി.എസ്.എ കമ്പനിയുടേതാണെന്നും കണ്ടെത്തി. എന്നാൽ, സൈനിക, കായിക തോക്കുകൾ, സൈക്കിളുകൾ, കാറുകൾ, ബസുകൾ എന്നിവ നിർമിക്കുന്ന ഈ കമ്പനി, 1980നുശേഷം ഇന്ത്യയിലേക്ക്​ തോക്ക് ഇറക്കുമതി നിർത്തലാക്കിയിരുന്നു. ആയതിനാൽ പലരിൽനിന്നും കൈമറിഞ്ഞ് ഫിലിപ്പിന്‍റെ കൈവശം എത്തിയതാകാനാണ് സാധ്യത. മാർച്ച്​ 26നാണ് മൂലമറ്റം അശോകയിലെ തട്ടുകടയിൽ പോട്ടി ചോദിച്ചതിനെത്തുടർന്ന് മൂലമറ്റം സ്വദേശി മാവേലി പുത്തൻപുര വീട്ടിൽ ഫിലിപ് മാർട്ടിനുമായി വാക്​തർക്കവും സംഘർഷവും ഉണ്ടായത്. തുടർന്ന് എ.കെ.ജി കവലയിൽ ഉണ്ടായ വെടിവെപ്പിൽ അതുവഴി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കീരിത്തോട് സ്വദേശി സനൽ മരണപ്പെടുകയും സഹയാത്രികൻ കണ്ണിക്കൽ സ്വദേശി മാളിയേക്കൽ പ്രദീപ് പുഷ്കരന്​ പരിക്കേൽക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.