'സനാഥന ബാല്യം' പദ്ധതിയുമായി വനിത ശിശു വികസന വകുപ്പ് തൊടുപുഴ: ആരോരുമില്ലാത്ത കുട്ടികളെക്കൂടി അവധിക്കാലത്ത് വീട്ടില്‍ സംരക്ഷിക്കാന്‍ അവസരം ഒരുങ്ങുന്നു. വനിത ശിശു വികസന വകുപ്പിനുകീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളിൽ മധ്യവേനലവധിയിൽ സ്വഭവനങ്ങളിൽ പോകാൻ കഴിയാത്തവർക്ക് നല്ലൊരു കുടുംബാനുഭവം നൽകുന്നതിനായാണ് 'സനാഥന ബാല്യം' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 54 ശിശുസംരക്ഷണ സ്ഥാപനങ്ങളിൽനിന്നുള്ള ആറുമുതൽ 18 വയസ്സുവരെയുള്ള കുട്ടികളെ മധ്യവേനൽ അവധിക്കാലത്ത് സ്വന്തം മക്കൾക്കൊപ്പം താമസിപ്പിച്ച് നല്ലൊരു കുടുംബാനുഭവം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 35 വയസ്സ് പൂർത്തിയായ ദമ്പതികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാൻ പ്രാപ്തരായ രക്ഷിതാക്കൾക്ക് മുൻഗണനയുണ്ട്. കാലാവധി അവസാനിക്കുമ്പോൾ കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ തിരികെ എത്തിക്കണം. വനിത ശിശു വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂനിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10 ആയിരിക്കും. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ല ശിശു സംരക്ഷണ യൂനിറ്റിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാം. ഫോൺ: 04862-200108, 7025174038, 9744167198. 2016ലാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സലിങ്ങും കുട്ടികളുമായി കൂടിക്കാഴ്ചക്ക് അവസരവും ഒരുക്കും. ആദ്യവർഷങ്ങളിൽ കുട്ടികളെ സ്വീകരിക്കുന്നവരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇപ്പോൾ അപേക്ഷകരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് അധികൃതർ പറയുന്നു. അപേക്ഷ പരിശോധിച്ച് അവരുടെ കുടുംബങ്ങളിലെ സ്ഥിതിഗതികൾ മനസ്സിലാക്കി കുട്ടികളെ ഇവർ സംരക്ഷിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർമാരുടെ സഹായത്തിൽ ഉറപ്പുവരുത്തിയാകും നടപടികൾ. യൂത്ത് ലീഗ് സിവിൽ സ്‌റ്റേഷൻ മാർച്ച് നാളെ തൊടുപുഴ: കെ-റെയിൽ പദ്ധതി അടിച്ചേൽപിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10ന് തൊടുപുഴ സിവിൽ സ്‌റ്റേഷനിലേക്ക് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും. കെ-റെയിൽ പദ്ധതിയുടെ ഇരകൾക്ക് തൊഴിൽ ലഭ്യത, പദ്ധതിയിൽനിന്നുള്ള വരുമാനം എന്നീ കാര്യങ്ങളിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സർവേക്കല്ല് സ്ഥാപിക്കുന്നതിലൂടെ കോടികളുടെ അഴിമതിക്ക് സർക്കാർ ശ്രമിക്കുകയാണെന്നും നിലവിലെ റെയിൽ സംവിധാനം താളം തെറ്റിക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ജില്ല പ്രസിഡന്‍റ് പി.എച്ച്. സുധീർ, ജനറൽ സെക്രട്ടറി നിസാർ പഴേരി, ട്രഷറർ കെ.എസ്. കലാം എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.