ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ നിലയിൽ
തൊടുപുഴ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 10 തീർഥാടകർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരം. തൊടുപുഴ-പാലാ റോഡിലെ കരിങ്കുന്നം പ്ലാന്റേഷനിൽ വ്യാഴാഴ്ച രാവിലെ 5.50ഓടെയായിരുന്നു അപകടം. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ‘വിവേകാനന്ദ ട്രാവൽസ്’ ബസാണ് മറിഞ്ഞത്. തീർഥാടകരും ജീവനക്കാരുമടക്കം 51പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാവൽസിന്റെ ശബരിമല പാക്കേജിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവർ യാത്ര ചെയ്തത്. അപകടം നടന്ന ഉടൻ കരിങ്കുന്നം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തൊടുപുഴ അഗ്നിരക്ഷാ സേനയെത്തിയതോടെയാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ദൗത്യം ആരംഭിച്ചത്. വാഹനത്തിനടിയിൽ കൈകുടുങ്ങിയ ഒരാളെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
സീറ്റുകൾക്കിടയിൽ കുടുങ്ങിയ മറ്റ് യാത്രക്കാരെ ബസിന്റെ ചില്ലുകൾ തകർത്താണ് പുറത്തെത്തിച്ചത്. പരിക്കേറ്റവരെ തൊടുപുഴ ജില്ല ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലെത്തിച്ചവരിൽ മൂന്നുപേരെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ജില്ല ആശുപത്രിയിലെത്തിച്ചവരിൽ നില ഗുരുതരമായ ഒരാളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചവർ: അനയ് കൃഷ്ണ (19), ഇ.എസ്. അദ്വൈത് (18), അജയ് ഘോഷ് (56), എസ്.എസ്. അഭിനന്ദ് (23), എസ്.പി. നവീൻ (48), പ്രണവ് പ്രശാന്ത് (19), എൻ. സുരേഷ് (53), ജയകുമാർ (42), പി.എസ്. ആയുഷ് (20), ഹരീഷ് സന്തോഷ് (21), അരുൺ ദാസ് (32), വിനോദ് ബാബു (53), കശ്യപ് സാരഗ് (20), സുദർശന കുമാർ (49), ആരുഷ് (8), അതുൽ നായർ (31), എ.എം. അരുൺ (35), രാജൻ (50), ഫസൽ (34), അർജുൻ രാമചന്ദ്രൻ (17), ടി.പി. അജയൻ (55), ശ്രീകാന്ത് വിദ്യാധരൻ (46), കെ.വി. ഷാജി (50), അക്ഷയ് സുനിൽ (20), കെ. അഖിൽ (23), ജഗൻ ശ്രീകാന്ത് (13), ഷിജിത്ത് (41), എ. സജീവ് (50), നാരായണൻ (65), ശിവാനന്ദൻ (60), അതുൽ (25), ജിബിഷ് (40), അജിത്കുമാർ (52).
നിസാര പരിക്കേറ്റവരെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ചാർജ് ചെയ്തു. സാരമായി പരിക്കേറ്റ എട്ടുപേരിൽ മൂന്ന് പേർ ഐ.സി.യുവിലും ന്യൂറോ ഐ.സി.യുവിലും മറ്റുള്ളവർ വിവിധ വാർഡുകളിലും ചികിത്സയിൽ തുടരുകയാണ്.
ഗതാഗതം പുനഃസ്ഥാപിച്ച് അഗ്നിരക്ഷാ സേന
റോഡിൽ മറിഞ്ഞുകിടന്ന ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മാറ്റി. അപകടത്തെത്തുടർന്ന് റോഡിൽ ചിതറിക്കിടന്ന ഇന്ധനവും മറ്റ് മാലിന്യങ്ങളും അഗ്നിരക്ഷാ സേന കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തൊടുപുഴ സ്റ്റേഷൻ ഓഫിസർ ടി.എച്ച്. സാദിഖ്, അസി. സ്റ്റേഷൻ ഓഫിസർ ബിജു പി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ പി.എൻ. അനൂപ്, ലിബിൻ ജയിംസ്, പി.ജി. സജീവ്, എസ്.ശരത്, വി.ബി.സന്ദീപ്, സണ്ണി ജോസഫ്, കെ.ആർ. പ്രമോദ്, രാജീവ് ആർ. നായർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ട്രാവൽ ഏജൻസിക്കെതിരെ ആരോപണവുമായി തീർഥാടകർ
അപകടത്തിനിടയാക്കിയ ബസ് തകരാറുള്ളതായിരുന്നെന്ന് യാത്രികർ. ശബരിമലയിലേക്കുള്ള യാത്ര തുടങ്ങി അധികം വൈകാതെ തന്നെ തകരാർ കാണിക്കാൻ തുടങ്ങിയ ബസ് വഴിക്കുവെച്ച് ബ്രേക്ക് ഡൗണായിരുന്നുവെന്ന് തീർഥാടകൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പിന്നീട് മറ്റൊരുബസ് എത്തിച്ചാണ് ഇവരെ നിലക്കലെത്തിച്ചത്. ദർശനം കഴിഞ്ഞ് മടക്കയാത്രക്കൊരുങ്ങിയപ്പോൾ തകരാറിലായി വഴിക്കായ ബസാണ് എത്തിച്ചത്. തകരാറെല്ലാം പരിഹരിച്ചെന്നായിരുന്നു ട്രാവൽ ഏജൻസിയുടെ പ്രതിനിധിയുടെ മറുപടി. എന്നാൽ, മടക്കയാത്ര ആരംഭിച്ച് അധികം വൈകാതെ തന്നെ വീണ്ടും തകരാറിലായി. തുടർന്ന് മെക്കാനിക്കെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ബസ് യാത്ര തുടർന്നത്. ഈയാത്രയാണ് അപകടയാത്രയായത്. അമിത വേഗത്തിൽ വളവ് വീശുന്നതിനിടെ ഒരു വശം പൊങ്ങി ഭിത്തിയിലിടിച്ച് ബസ് മറിയുകയായിരുന്നു. അപകട വിവരം അറിയിച്ചിട്ടും ട്രാവൽ ഏജൻസിക്കാർ നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അപകടത്തിന് ഇരയായവരിൽ ഏറെയും സാധാരണക്കാരാണെന്നും തീർഥാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.