വേനൽമഴയിലും കൊടുംകാറ്റിലും കനത്ത നാശം; മരംവീണ് രണ്ട് കാർ തകർന്നു

കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്തും കക്കാട്ടുകടയിലും വേനൽമഴയിലും കൊടുംകാറ്റിലും കനത്ത നാശം. മരം വീണ് രണ്ട് കാർ തകർന്നു. ഈ സമയം യാത്രക്കായി കാറിൽ കയറിയ അഞ്ചുകുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാഞ്ചിയാർ കക്കാട്ടുകട വലിയവീട്ടിൽ ക്രിസ്റ്റിയുടെ വീടിനു​ മുന്നിൽ നിർത്തിയിട്ട രണ്ട് കാറിന്‍റെ മുകളിലേക്കാണ് കാറ്റിൽ വൻമരം വീണത്. വീട്ടുകാർ കാറിൽ കയറാൻ തുടങ്ങുന്ന സമയത്താണ് സംഭവം. ഈ സമയം ക്രിസ്റ്റിയുടെയും സഹോദരന്‍റെയും മക്കൾ ഉൾപ്പെടെ അഞ്ചു കുട്ടികൾ കാറിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല. തുടർന്ന് മാതാപിതാക്കളും വീട്ടുകാരും ചേർന്ന് മരച്ചില്ലകൾ മാറ്റി കുട്ടികളെ രക്ഷപ്പെടുത്തി. നാട്ടുകാരും വീട്ടുകാരും ചേർന്ന് മരം മുറിച്ചുനീക്കി. കാറുകൾക്ക് സാരമായ കേടുപാട്​ ഉണ്ടായി. ഇവരുടെ കൃഷിക്കും നാശമുണ്ടായി. ഇതേസമയം, കാഞ്ചിയാർ പേഴുംകണ്ടത്ത്​ ലൈനിലേക്ക്​ മരങ്ങൾ വീണ് വൈദ്യുതി തടസ്സം ഉണ്ടായി. നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന്​ മരങ്ങൾ മുറിച്ചുമാറ്റി. ചൊവ്വാഴ്ച വൈകീട്ട്​ നാലരയോടെയാണ് കാഞ്ചിയാർ മേഖലയിൽ കനത്ത മഴയും കാറ്റും ആഞ്ഞടിച്ചത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ആറ്​, ഏഴ്​, എട്ട്​ വാർഡുകളിലാണ് വ്യാപകനാശനഷ്ടം ഉണ്ടായത്. കാഞ്ചിയാർ സുമതിക്കട-ചന്ദ്രൻ കവല റോഡിലും കക്കാട്ടുകട-അഞ്ചുരുളി റോഡിലും മരങ്ങൾ കടപുഴകി നാശമുണ്ടായി. അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും കോളനിയിലേക്കുമുള്ള റോഡുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വലിയതോതിലുള്ള നാശനഷ്ടമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. 11 കെ.വി ലൈനി​ലേക്ക്​ മരങ്ങൾ വീണ് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. പ്രദേശത്തെ നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങളുടെ ശിഖരങ്ങൾ വീണിട്ടുണ്ട്. കൃഷിക്കും നശമുണ്ടായി. കക്കാട്ടുകട, കല്യാണത്തണ്ട് മേഖലകളിലും വ്യാപക കൃഷിനാശം ഉണ്ടായി. മേഖലയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി പഞ്ചായത്ത്​ അംഗം ഷാജി പറഞ്ഞു. ഫോട്ടോ. കാഞ്ചിയാർ വലിയവീട്ടിൽ ക്രിസ്റ്റിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട കാറുകൾക്ക് മുകളിൽ മരം വീണപ്പോൾ ഫോട്ടോ. കാഞ്ചിയാർ-അഞ്ചുരുളി കോളനി റോഡിൽ വൈദ്യുതി ലൈനിൽ മരം വീണനിലയിൽ ഫോട്ടോ. കാഞ്ചിയാർ-അഞ്ചുരുളി റോഡിൽ മരം വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.