പദ്ധതി വിഹിതം ചെലവഴിക്കൽ: രാജകുമാരി ഒന്നാമത്​; പിന്നിൽ ഇടമലക്കുടി

P/4 lead ബ്ലോക്ക് പഞ്ചായത്തുകളിൽ മുന്നിൽ ഇളംദേശം മുട്ടം: സാമ്പത്തികവർഷം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ച്‌ രാജകുമാരി ഗ്രാമപഞ്ചായത്ത്‌ ഒന്നാം സ്ഥാനത്ത്​. 105.79 ശതമാനം തുകയും വിനിയോഗിച്ചാണ്​ ജില്ലയിലെ 52 പഞ്ചായത്തിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനത്തെ 941 പഞ്ചായത്തിൽ 16ാം സ്ഥാനത്തും എത്തിയത്​. റോഡ് ഫണ്ട് ഒഴിവാക്കി ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടുവരെയുള്ള കണക്കാണിത്. വരും മണിക്കൂറുകളിൽ ഇത് മാറിമറിയാനും സാധ്യതയുണ്ട്​. അവസാന മണിക്കൂറുകളിൽ ഫണ്ട് പരമാവധി വിനിയോഗിക്കാനുള്ള ഊർജിത ശ്രമത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ. ഇതുവരെ 80.65 ശതമാനം ഫണ്ടാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത്. രാജകുമാരി പഞ്ചായത്ത്​ 2.35 കോടിയിൽ 2.22 കോടിയും ചെലവഴിച്ചു. മുൻ സാമ്പത്തികവർഷം പൂർത്തീകരിക്കാൻ കഴിയാത്ത പണികൾകൂടി ഇത്തവണ തീർത്തതാണ്​ 100​ ശതമാനത്തിന്​ മുകളിലെത്താൻ കാരണം. ഇടമലക്കുടി പഞ്ചായത്തിന് 50.51 ശതമാനം പണികൾ മാത്രമാണ് പൂർത്തീകരിക്കാനായത്​. സംസ്ഥാനതലത്തിൽതന്നെ ഏറ്റവും പിന്നിലാണ് ഇടമലക്കുടി. സംസ്ഥാനത്ത്​ ഇടമലക്കുടിക്ക് തൊട്ടു പിറകിലുള്ളത്​ കുട്ടമ്പുഴയും നെല്ലിയാമ്പതിയും മാത്രമാണ്​. ജില്ലയിലെ എട്ട്​ ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി വിഹിതം ചെലവഴിച്ചതിൽ ഒന്നാമത് ഇളംദേശം ബ്ലോക്കാണ്. 100.04 ശതമാനമാണ് ഇളംദേശം ഇതുവരെ ചെലവഴിച്ചത്. തൊടുപുഴ 95.21 ശതമാനം, കട്ടപ്പന 93.05, നെടുങ്കണ്ടം 97.20, ഇടുക്കി 84.23, അടിമാലി 79.35, ദേവികുളം 71.55, അഴുത 68.52 എന്നിങ്ങനെയാണ് മറ്റുബ്ലോക്കുകളുടെ കണക്ക്​. തൊടുപുഴ നഗരസഭ 69.88 ശതമാനവും കട്ടപ്പന 72.91 ശതമാനവും ചെലവഴിച്ചു. ജില്ല പഞ്ചായത്ത് ഇതുവരെ 49.18 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളു. ജില്ല പഞ്ചായത്തുകളിൽ സംസ്ഥാനത്ത്​ ഏറ്റവും പിന്നിലാണ്​ ഇടുക്കി. സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ വന്ന രണ്ട് ദിവസത്തെ പണിമുടക്ക് പദ്ധതി വിഹിതം ചെലവഴിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചതായും പറയുന്നു. ഈ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പണി ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.