കൊളുന്തുമായി എത്തിയ ട്രാക്ടര്‍ കാട്ടാന കാട്ടിലേക്ക് മറിച്ചിട്ടു

മൂന്നാർ: കൊളുന്ത്​ നിറച്ച ചാക്കുകളുമായി എത്തിയ ട്രാക്ടര്‍ കാട്ടാന തേയിലക്കാട്ടിലേക്ക് മറിച്ചിട്ടു. ആനയെ കണ്ടതോടെ ഇറങ്ങി ഓടിയ ഡ്രൈവര്‍ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കടലാര്‍ എസ്​റ്റേറ്റിലെ ആറാം നമ്പര്‍ ഫീല്‍ഡിലായിരുന്നു സംഭവം. വൈകീട്ട്​ കൊളുന്തുചാക്കുകളുമായി തേയിലക്കാട്ടിന് ഇടയിലൂടെ വരുന്ന വഴിയിലാണ് ആന കുറുകെ എത്തിയത്. ഇതോടെ ഡ്രൈവര്‍ ഇറങ്ങി മാറിനിന്നു. ട്രാക്ടറില്‍നിന്നും ചാക്കുകള്‍ തുമ്പിക്കൈ കൊണ്ട് താഴെ വലിച്ചിട്ട ആന പിന്നീട് ട്രാക്ടര്‍ തേയിലക്കാട്ടിലേക്ക് തള്ളിയിടുകയായിരുന്നു. കഴിഞ്ഞ മാസം നയമക്കാട് എസ്​റ്റേറ്റില്‍ പട്ടാപ്പകല്‍ തേയില കൊളുന്ത് എടുക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് സമീപം കാട്ടാന എത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ രണ്ടു യുവാക്കള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്​. ജനുവരിയില്‍ വേല്‍മുടി ബംഗ്ലാവിന് സമീപം ഓട്ടോയുമായി കാട്ടാനയുടെ മുന്നില്‍ പെട്ട ഡ്രൈവര്‍ ആന്റണി റിച്ചാര്‍ഡും നല്ലതണ്ണി ഇന്‍സ്റ്റന്റ് ടീ ഫാക്ടറി ജീവനക്കാരനായ സന്തോഷും ആനയുടെ മുന്നില്‍നിന്ന്​ അടുത്തിടെ രക്ഷപ്പെട്ടത്​ ഭാഗ്യംകൊണ്ടാണ്​. കാട്ടാനകള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലും തോട്ടം മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. വന്യജീവി ആക്രമണം ഓരോ ദിവസവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനം വകുപ്പ് എത്രയും വേഗം ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നുള്ള ആവശ്യമാണ് ഉയരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.