ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ പ്രസിഡന്‍റ് സിന്ധു ജോസിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. സിന്ധു ജോസ് ഉൾപ്പെടെ എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ ചർച്ചയിൽനിന്നും വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്. രാവിലെ 11ന് അവിശ്വാസപ്രമേയത്തിന്മേൽ ചർച്ചയും വോട്ടെടുപ്പും ആരംഭിച്ചു. യു.ഡി.എഫിന്റെ ഒമ്പത് അംഗങ്ങളും പങ്കെടുത്തു. ക്വോറം തികഞ്ഞതിനാൽ അവിശ്വാസ പ്രമേയത്തിന്മേൽ ചർച്ചയും വോട്ടെടുപ്പും നടന്നു. എന്നാൽ, എൽ.ഡി.എഫിലെ ഒരംഗംപോലും പങ്കെടുക്കാതിരുന്നതിനാൽ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. യു.ഡി.എഫ് പാനലിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച സിന്ധു ജോസിന് ഉൾപ്പെടെ യു.ഡി.എഫ് അംഗങ്ങൾക്കെല്ലാം അവിശ്വാസത്തിൽ പങ്കെടുത്ത് വോട്ട് ചെയ്യാൻ വിപ്പ് നൽകിയിരുന്നു. എൽ.ഡി.എഫിന് ഒപ്പം ചേർന്ന സിന്ധു ജോസിന്‍റെ വീട്ടിലും പഞ്ചായത്ത് ഓഫിസിലും വിപ്പ് നോട്ടീസ് പതിക്കുകയും സ്പീഡ് പോസ്റ്റ് വഴി അയക്കുകയും ചെയ്തിരുന്നു. ഇതിൽ സ്പീഡ് പോസ്റ്റിൽ വന്ന വിപ്പ് സിന്ധു ജോസ് സ്വീകരിച്ചിട്ടുണ്ട്. ഇതോടെ സിന്ധു ജോസിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകാനാണ് യു.ഡി.എഫ് തീരുമാനം. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും പഞ്ചായത്ത് ഓഫിസിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.