ഗോത്രസമൂഹം തനിമ നിലനിർത്തു​ന്നത്​ ഉദാത്ത മാതൃക -മന്ത്രി റോഷി അറസ്റ്റിന്‍

തൊടുപുഴ: ആദിവാസി ഗോത്രസമൂഹം അവരുടേതായ തനിമയും പാരമ്പര്യവും നിലനിര്‍ത്തുന്നത് ഉദാത്തമായ മാതൃകയാണെന്നും ഇത് പൊതുസമൂഹത്തിന് നല്‍കുന്ന പ്രചോദനം വളരെ വലുതാണെന്നും ജലവിഭവ മന്ത്രി റോഷി അറസ്റ്റിന്‍. പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ഗോത്ര കലാ പ്രദര്‍ശന വിപണന മേള ഉണര്‍വ് 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊടുപുഴ മുനിസിപ്പല്‍ ഓപണ്‍ സ്റ്റേഡിയത്തില്‍ നടത്തിയ ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഗോത്ര കലാകാരന്മാര്‍ക്കും പാരമ്പര്യ ഉല്‍പാദകര്‍ക്കും കോവിഡ് പ്രതിസന്ധി തരണംചെയ്യുന്നതിന് കൈത്താങ്ങാകുന്നതിനും ഗോത്ര സംസ്‌കാരവും കലാരൂപങ്ങളും മുഖ്യധാരക്ക്​ പരിചയപ്പെടുത്തലുമാണ് രണ്ടുദിവസമായി നടത്തുന്ന മേളയുടെ ലക്ഷ്യം. മേളയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റാളുകളിലൂടെ ഗോത്രമേഖലകളില്‍ ഉല്‍പാദിപ്പിക്കുന്ന തനത് നാടന്‍ ഉൽപന്നങ്ങളും വന വിഭവങ്ങളും ലഭ്യമാണ്. കലാ-സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്. ഊരാളിക്കൂത്ത്, മലപ്പുലയ ആട്ടം, പളിയ നൃത്തൃം എന്നിവ ആദ്യദിവസം അരങ്ങേറി. കൊലവയാട്ടം, പരിചമുട്ടുകളി, മന്നാക്കൂത്ത് എന്നിവയാണ്​ രണ്ടാംദിവസം. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി മേഖലകളില്‍ നിന്നെത്തിയവരും പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയിരുന്നു. പാരമ്പര്യത്തനിമ വിളിച്ചോതി ഗോത്ര ഉല്‍പന്ന പ്രദര്‍ശന വിപണനമേള തൊടുപുഴ: ഈറ്റയിലും ചിരട്ടയിലും തുകലിലും തീര്‍ത്ത ഗൃഹോപകരണങ്ങള്‍, നാടന്‍ എലിക്കെണി മുതല്‍ അമ്പും വില്ലും വരെയുള്ള ആയുധങ്ങള്‍, തേനും കിഴങ്ങും പുൽത്തൈലവും ഉള്‍പ്പെടെ വനവിഭവങ്ങള്‍ തുടങ്ങി തുണിസഞ്ചിയും തഴപ്പായയും നീളുന്ന പട്ടികയാണ് പട്ടികവര്‍ഗ വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ഓപണ്‍ സ്റ്റേജില്‍ സംഘടിപ്പിച്ച ഗോത്രകലാ പ്രദര്‍ശന വിപന മേള 'ഉണര്‍വ് 2022' സ്റ്റാളുകളിലുള്ളത്. കാണുന്നതിനും അടുത്തറിയുന്നതിനുമുള്ള അവസരത്തിന് പുറമേ ആവശ്യക്കാര്‍ക്ക് വാങ്ങുകയും ചെയ്യാം. പപ്പടം കുത്തി, ചെണ്ടക്കമ്പ് ,ചിരട്ടകൊണ്ടുള്ള തവി, നിലവിളക്ക്, ചട്ടി, കിണ്ടി, അലങ്കാര കൈതച്ചക്ക, ഈറ്റ കൊണ്ടുള്ള മുറം, പൂക്കുട്ട, കുപ്പി എന്നിവ ഉള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങള്‍ സ്റ്റാളുകളില്‍ വില്‍പനക്കായുണ്ട്. പട്ടയക്കുടി, മുള്ളന്‍കുത്തി എന്നിവിടങ്ങളില്‍നിന്നുള്ളവരുടെ സ്റ്റാളില്‍ ചിരട്ട ക്രാഫ്റ്റ്, വിവിധതരം കുപ്പികളില്‍ തീര്‍ത്ത അലങ്കാര വസ്തുക്കള്‍, ഈറ്റകൊണ്ടുള്ള പായകള്‍, തടികൊണ്ടുള്ള അലങ്കാര ഉപകരണങ്ങള്‍ എന്നിവയാണുള്ളത്. ഉപ്പുകുന്ന് വനശ്രീ സംഘത്തിന്‍റെ നേതൃത്വത്തില്‍ വനിതകള്‍ തയാറാക്കിയ ഭക്ഷ്യ ഉല്‍പന്നങ്ങള്‍, തുണിസഞ്ചി, ഈറ്റ പായ എന്നിവക്ക്​ പുറമേ വനവിഭവങ്ങളും ലഭിക്കും. അടിമാലി ചിന്നപ്പാറ കുടിയില്‍ നിന്നുള്ളവര്‍ പ്രധാനമായും മുളകൊണ്ടുള്ള ഉല്‍പന്നങ്ങളാണ് എത്തിച്ചിരിക്കുന്നത്. മറയൂര്‍ കര്‍പ്പൂര കുടിയില്‍നിന്ന്​ പട്ടികവര്‍ഗ വംശീയ വൈദ്യന്‍ കന്തസ്വാമിയുടെ നേതൃത്വത്തില്‍ വിവിധതരം നാട്ടുമരുന്നുകളാണ് എത്തിച്ചത്. പാരമ്പരാഗത രീതിയിലുള്ള വിവിധതരം സംഗീത ഉപകരണങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുമ്പിള്‍ തടിയും കേഴമാനിന്‍റെ തോലും ഉപയോഗിച്ച് നിര്‍മിച്ചതും മന്നാന്‍ കൂത്തിന് ഉപയോഗിക്കുന്നതുമായ മത്താളം എന്ന ചെണ്ടയാണ് ഇതില്‍ പ്രധാനം. ഈറ്റകൊണ്ട് നിര്‍മിച്ച് വേട്ടക്ക്​ ഉപയോഗിക്കുന്ന ആയുധങ്ങളാണ് പൂമാലയില്‍ നിന്നുമെത്തിച്ചിട്ടുള്ളത്. അമ്പും വില്ലും കവണി, എലിവില്ല്, അയകാടി, കല്ലു വില്ല്, കണ്ണി, എലിക്കെണി എന്നിവയും ഇക്കൂട്ടത്തിലുണ്ട്. വെണ്‍മണിയില്‍നിന്നും വനത്തില്‍ വളരുന്ന വിവിധ തരം ചെടികളുടെ വിത്തുകള്‍, തേന്‍, നെല്ല്, പുല്‍തൈലം, ശര്‍ക്കര, നാടന്‍ പുളി, ഏലക്ക തുടങ്ങിയവയാണ് എത്തിച്ചിരിക്കുന്നത്. ഒമ്പത് സ്റ്റാളുകളാണ് മേള നഗറിലുള്ളത്. ഗോത്ര വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഗ്രൂപ്പായും വ്യക്തിഗതമായും പട്ടികവര്‍ഗ വകുപ്പിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് സ്റ്റാള്‍ നടത്തിപ്പിനുള്ള അവസരം ലഭ്യമാക്കിയത്. പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ പറഞ്ഞു. ​TDL mela ഗോത്ര കലാ പ്രദര്‍ശന വിപണന മേള സന്ദർശിക്കുന്ന മന്ത്രി റോഷി അഗസ്റ്റിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.