വയോദമ്പതികളെ കാര്‍ തടഞ്ഞ്​ ഭീഷണിപ്പെടുത്തി

നെടുങ്കണ്ടം: കോമ്പമുക്കില്‍ രാത്രിയില്‍ കട അടച്ച് വീട്ടിലേക്ക് പോയ വയോദമ്പതികളെ കാര്‍ തടഞ്ഞ്​ വധഭീഷണി മുഴക്കുകയും വാഹനത്തിന് കേടുപാട്​വരുത്തുകയും ചെയ്തതായി പരാതി. തെള്ളിയില്‍ ഹസന്‍കുഞ്ഞ്, ഭാര്യ സുഹ്​റാ ബീവി എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനുനേരെയാണ് ആക്രമണം. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. തൂക്കുപാലത്തെ വ്യാപാര സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. രാമക്കല്‍മേട് കോമ്പമുക്കിനുസമീപം എത്തിയപ്പോള്‍ ഇടുങ്ങിയ റോഡില്‍ രണ്ട് ജീപ്പ്​ മാര്‍ഗതടസ്സം സൃഷ്ടിച്ച് ഇട്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍ മാറ്റി നല്‍കണമെന്ന്​ ആവശ്യപ്പെട്ട വയോദമ്പതികള്‍ക്ക് നേരെ ജീപ്പിലുണ്ടായിരുന്നവര്‍ അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന്, ആയുധം ഉപയോഗിച്ച് വാഹനത്തിന് കേടുപാടുകളും വരുത്തി. രാമക്കല്‍മേട്ടില്‍ ഓഫ് റോഡ് ജീപ്പ് സഫാരി നടത്തുന്ന ഡ്രൈവര്‍മാരാണ് ആക്രമണത്തിന്​ പിന്നിലെന്നാണ് നെടുങ്കണ്ടം പൊലീസിലും ഉടുമ്പന്‍ചോല ജോയന്‍റ്​ ആര്‍.ടി.ഒക്കും നൽകിയ പരാതിയിൽ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.