കടുവ ഭീഷണി തുടർക്കഥ; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

മൂന്നാർ: കാട്ടിനുള്ളിൽനിന്ന്​ കടുവകൾ മനുഷ്യരുടെ മുന്നിലേക്ക് എത്തുന്ന സംഭവങ്ങൾ പതിവാകുന്നു. മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിലാണ് ജനവാസ മേഖലകളിലേക്ക് കടുവകൾ എത്തുന്നതുമൂലം നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുന്നത്. കല്ലാർ എസ്റ്റേറ്റിലെ ചോലമുത്തുവിനെ ഞായറാഴ്ച് രാവിലെ കടുവ ആക്രമിച്ച് പരുക്കേൽപിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞവർഷം ആഗസ്റ്റ് ഏഴിന് പെരിയവാര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ തൊഴിലാളിയുടെ മുന്നിൽ വന്നത് രണ്ട് കടുവകളാണ്. പശുവിനെ മേക്കാൻപോയ കന്തസ്വാമിയുടെ മുന്നിലാണ് ചെറുതും വലുതുമായ രണ്ട് കടുവകൾ ചാടിവീണത്. കടുവകളെ കണ്ട് ഓടിമാറിയ കന്തസ്വാമിയുടെ മുന്നിൽവെച്ചുതന്നെ കടുവകൾ ഒരു പശുവിനെ കൊന്നു. എസ്റ്റേറ്റിലെ ജനനിബിഡമായ ലയങ്ങളുടെ മുറ്റത്തെത്തി പശുവിനെ കടുവ ആക്രമിച്ച സംഭവവും ഉണ്ടായി. കഴിഞ്ഞ ഡിസംബർ 13ന് സന്ധ്യക്ക്​ നിരവധി ആളുകൾ നോക്കിനിൽക്കെയാണ് ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചുകൊന്നത്. സെപ്റ്റംബർ 23ന് രാത്രി ദേവികുളത്തുനിന്ന് മൂന്നാറിലേക്ക് ജീപ്പുമായി വന്ന ടാക്സി ഡ്രൈവർ സബ് കലക്ടറുടെ ബംഗ്ലാവിന്‍റെ മുന്നിൽവെച്ച് കടുവ റോഡ് മുറിച്ചുകടക്കുന്നത് കണ്ടിരുന്നു. ഒരുവർഷത്തിനിടയിൽ മൂന്നാർ തോട്ടം മേഖലയിൽ മാത്രം 74 വളർത്ത് മൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവ വേറെയുമുണ്ട്. ഇപ്പോൾ ധൈര്യമായി മനുഷ്യർക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. തോട്ടത്തിൽ ജോലിക്കുപോകാനും കുട്ടികളെ സ്കൂളിൽ വിടാനും പോലും ഭീതിയിലാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.