കക്കൂസ് മാലിന്യം ആറ്റിൽ തള്ളി

കട്ടപ്പന: ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം കട്ടപ്പനയാറിൽ തള്ളി. നിരവധിപേർ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന ജലം മലിനമായി. ടൗണിന്‍റെ വിവിധ ഭാഗങ്ങളിൽ കട്ടപ്പനയാറിലും കൈവഴികളിലും രണ്ടുദിവസമായി ടാങ്കർ ലോറികളിൽ കക്കൂസ് മാലിന്യം തള്ളുന്നുണ്ട്​. കട്ടപ്പന സർക്കിൾ ജങ്​ഷൻ റെസിഡന്‍റ്​ അസോ. പരിധിയിൽ പഴയ സെന്‍റ്​ മാർത്താസ് കോൺവെന്‍റിന് സമീപത്തുകൂടി ഒഴുകുന്ന കട്ടപ്പനയാറിന്‍റെ കൈവഴിയിലാണ് രാത്രിയുടെ മറവിൽ ഞായറാഴ്ച ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന്​ തള്ളിയത്. കഴിഞ്ഞ ദിവസം കട്ടപ്പന ബൈപാസ് റോഡരികിലെ തോട്ടിലും തള്ളിയിരുന്നു. മലിനജലം കുടിവെള്ള സ്രോതസ്സുകളെ മലിനമാക്കുമോ എന്ന ഭീതിയിലാണ് പരിസരവാസികൾ. ഒരാഴ്ചയായി ഈ മേഖലയിൽ നിരവധി ടാങ്കർ ലോറികൾ കക്കൂസ് മാലിന്യം ശേഖരിച്ച്​ നിർമാർജനം ചെയ്യുന്നുണ്ട്. എറണാകുളത്തെ പ്ലാന്‍റിൽ കൊണ്ടുപോയി നിർമാർജനം ചെയ്യാനെന്നുപറഞ്ഞ്​ ഓരോ ടാങ്കറിനും പതിനായിരത്തിലേറെ രൂപ വാങ്ങിയാണ് ഇത്​ ശേഖരിക്കുന്നത്. എന്നാൽ, ഇത് ടൗണിന് സമീപപ്രദേശത്തെ തോടുകളിലും നിർച്ചാലുകളിലുമാണ് ഒഴുക്കുന്നത്. നഗരസഭ അധികൃതർ പ്രശ്​നത്തിൽ ഇടപെട്ട്​ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റെസിഡന്‍റ്​ അസോ. അംഗമായ സണ്ണി തയ്യിൽ ആവശ്യപ്പെട്ടു. ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്ക്വാഡ്​ നിരീക്ഷണം നടത്താൻ നീക്കം തുടങ്ങി. ഫോട്ടോ. കട്ടപ്പന സർക്കിൾ ജങ്​ഷന് സമീപം കട്ടപ്പനയാറിൽ മാലിന്യ നിഷേപം നടത്തിയതിനെ തുടർന്ന് ജലം മലിനമായനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.