രാമക്കല്‍മേട് മേഖലയില്‍ തുടര്‍ച്ചയായി കാട്ടുതീ

നെടുങ്കണ്ടം: വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടിലും സമീപ പ്രദേശങ്ങളിലും കാട്ടുതീ പതിവാകുന്നു. തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ ഞായറാഴ്ച തേക്കുംകാട് ഉള്‍പ്പെടെ രണ്ടേക്കര്‍ സ്ഥലമാണ് കത്തിനശിച്ചത്. രണ്ട് ദിവസം മുമ്പ്​ കുറവന്‍ കുറത്തി ശില്‍പത്തിന് 200 മീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നു. ഇരുന്നൂറിലധികം സഞ്ചാരികളുണ്ടായിരുന്ന സമയത്താണ്​ തീ പടര്‍ന്നത്. തമിഴ്‌നാട് വനമേഖലയിലുണ്ടാകുന്ന കാട്ടുതീയാണ് രാമക്കല്‍മേട് മലനിരകളിലേക്ക് വ്യാപിക്കുന്നത്. കഴിഞ്ഞദിവസം രാമക്കല്‍മേട് കുരുവിക്കാനത്ത് തീപിടിത്തമുണ്ടായി ഏക്കര്‍ കണക്കിന് പുല്‍മേട്​ കത്തിനശിച്ചിരുന്നു. രാമക്കല്‍മേട് മേഖലയില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടുതീ തുടരുകയാണ്. കഴിഞ്ഞദിവസം കുരുവിക്കാനം കാറ്റാടിപ്പാടത്ത് തീപിടിത്തമുണ്ടായി. ഏക്കര്‍ കണക്കിന് പുല്‍മേട് കത്തിനശിച്ചു. ജനവാസ മേഖലക്കും കൃഷിയിടത്തിനും സമീപത്താണ് ഏറെയും തീപിടിത്തമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം വിനോദസഞ്ചാര കേന്ദ്രത്തിന് ഉള്ളിലേക്കുവരെ തീ വ്യാപിച്ചിരുന്നു. മേഖല പൂര്‍ണമായും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. തൂക്കുപാലം പ്രകാശ്ഗ്രാമില്‍ ഞായറാഴ്ച ഏക്കര്‍ കണക്കിന് പുല്‍മേട് കത്തിനശിച്ചു. ജനവാസമേഖലയിലേക്ക്​ പടരാതെ അഗ്നിശമന സേനയും പ്രദേശവാസികളും ചേര്‍ന്ന് തീ അണച്ചു. ആട് ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെയും രക്ഷപ്പെടുത്തി. ചില മേഖലകളില്‍ കനത്ത കാറ്റുവീശുന്നതിനാല്‍ പാറപുറമ്പോക്കായ മേഖലയില്‍ തീ പെട്ടെന്ന്​ വ്യാപിക്കുക പതിവാണ്. അഗ്നിശമന സേന സ്ഥലത്തെത്തുന്നുണ്ടെങ്കിലും പലപ്പോഴും ചെങ്കുത്തായ പ്രദേശങ്ങളില്‍ വാഹനം കയറാനുള്ള പ്രയാസംമൂലം തിരികെ പോകുന്ന സംഭവവുമുണ്ട്. പാറക്കെട്ട് നിറഞ്ഞ പ്രദേശങ്ങളില്‍ സേനാ ഉദ്യോഗസ്ഥര്‍ക്ക് മലഞ്ചെരുവിൽ ഇറങ്ങുതിനും തടസ്സം നേരിടാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.