വാണിജ്യ പാചക വാതകത്തിന്​ വില കൂടി; ഗാർഹിക സിലിണ്ടർ കരിഞ്ചന്തയിൽ

പീരുമേട്: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വർധിച്ചതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾ കരിഞ്ചന്തയിൽ. ഹോട്ടലുകളിലും ബേക്കറികളിലും ചായക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് കുത്തനെ വില കൂടിയതോടെയാണിത്​. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് 2050 രൂപയിലധികമാണ് പുതിയ വില. 14 കിലോയുടെ ഗാർഹിക സിലിണ്ടറുകൾ 920 രൂപക്ക്​ ലഭിക്കും. ഗാർഹിക സിലിണ്ടറുകൾ സമാന്തരവിൽപന നടത്തുന്നവർ 1200 രൂപ വരെ ഈടാക്കുന്നു. ഏജൻസികളുടെ ചില വിതരണ വാഹനങ്ങളിൽനിന്ന്​ അധികവിലയ്​ക്ക് ഗാർഹിക സിലിണ്ടറുകൾ ലഭ്യമാണ്. വാണിജ്യ സിലിണ്ടറി‍ൻെറ വില വർധിക്കുമ്പോൾ ഹോട്ടൽ വ്യാപാരികൾ ഇവ നാമമാത്രമായി ഉപയോഗിക്കുകയും ഗാർഹിക സിലിണ്ടറുകൾ അധികം ഉപയോഗിക്കുകയും ചെയ്യുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറി‍ൻെറ വിലയിൽ സബ്സിഡി നൽകിയിരുന്നപ്പോൾ കരിഞ്ചന്ത വിൽപന കുറവായിരുന്നു. 2020 ഏപ്രിലിനുശേഷം സബ്സിഡി നിർത്തലാക്കിയതോടെ കരിഞ്ചന്ത വിൽപനയും വർധിച്ചു. ജനത്തിരക്കേറിയ കടകളിൽ സുരക്ഷാ സംവിധാനമില്ലാതെ നിരവധി സിലിണ്ടറുകൾ സൂക്ഷിക്കുന്നതും അപകടഭീഷണി ഉയർത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.