സര്‍ക്കാര്‍ സ്ഥാപനങ്ങൾ നെടുങ്കണ്ടത്തിന്​ നഷ്ടമാകുന്നു​; പ്രതിഷേധം വ്യാപകം

നെടുങ്കണ്ടം: നെടുങ്കണ്ടത്ത്​ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയങ്ങള്‍ അടക്കം വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങൾ നിര്‍ത്തലാക്കുന്നതിൽ വ്യാപക പ്രതിഷേധം. വര്‍ഷങ്ങളായി താലൂക്ക്​ ആസ്ഥാനമായ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജനോപകാരപ്രദമായ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചിലത് നിര്‍ത്തലാക്കാനും​ ചിലത് മറ്റു സ്ഥലങ്ങളിലേക്ക് പറിച്ചുനടാനുമുള്ള നീക്കമാണ്​ വിവാദമായത്​. കെ.എസ്.ആർ.ടി.സി ഗാരേജ്, നഴ്‌സിങ് കോളജ്, ബി.എഡ് കോളജ്, ഐ.എച്ച്.ആര്‍.ഡി കോളജ്, ഗ്രാമീണ തൊഴില്‍ പരിശീലനകേന്ദ്രം, അഗ്നിരക്ഷാനിലയം, എന്‍.സി.സി തുടങ്ങി പത്തോളം സ്ഥാപനങ്ങളുടെ കടക്കലാണ് കത്തിവെച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഗാരേജും ഓപറേറ്റിങ്​ സെന്‍ററും നെടുങ്കണ്ടത്തിന് നഷ്ടമായാല്‍ പൊതുജനങ്ങള്‍ക്ക് പുറംലോകത്തുനിന്ന്​ ഒറ്റപ്പെടുന്ന അവസ്ഥയാകും. ഗ്രാമീണ തൊഴില്‍ പരിശീലന കേന്ദ്രം ഇടുക്കിയിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. സംസ്ഥാനത്ത് കോടതി ഇല്ലാത്ത ഏകതാലൂക്ക്​ ഉടുമ്പന്‍ചോലയാണ്. കോടതി നിര്‍മിക്കാന്‍ സ്ഥലം ഉണ്ടെങ്കിലും പരിഗണിക്കുന്നത്​ രാജാക്കാടിനെയാണ്​. അഗ്നിശമന സേനക്ക് സ്ഥലം നല്‍കിയെങ്കിലും കെട്ടിടം നിര്‍മിച്ചില്ല. പോസ്‌റ്റ്​ ഓഫിസിന്‍റെ സ്ഥലം കാടുകയറി നശിക്കുകയാണ്. സ്ഥാപനം പ്രവര്‍ത്തിക്കുന്നതാകട്ടെ വാടകക്കെട്ടിടത്തിലും. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി കോളജിന് ഇതുവരെ സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചിട്ടില്ല. ആറുവര്‍ഷം മുമ്പ് പഞ്ചായത്ത് താല്‍ക്കാലികമായി വിട്ടുനല്‍കിയ കെട്ടിടത്തിലാണ് അഗ്​നിരക്ഷാ സേന പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കും സ്വന്തമായി സ്ഥലമുണ്ട്. ചില തല്‍പരകക്ഷികളുടെ സ്വാധീനത്തില്‍ നെടുങ്കണ്ടത്തെ പല ഓഫിസുകളും നിര്‍ത്തലാക്കുകയും പറിച്ചുനടുകയുമാണ്. ഇതിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.