ചെറുതോണി: ലോക ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് സമഗ്ര ശിക്ഷ ഇടുക്കി കട്ടപ്പന ബി.ആര്‍.സി ഭിന്നശേഷി കുട്ടികള്‍ക്കായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. വയലിന്‍ വായന, പൂക്കള്‍ നിർമാണം, ചിത്രരചന, കായിക പരിശീലനം തുടങ്ങിയ ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തി. അണക്കര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ പരിപാടിയുടെ ഉദ്ഘാടനം ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാമചന്ദ്രന്‍ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്അംഗം ആൻറണി എസ്. സ്കറിയ അധ്യക്ഷതവഹിച്ചു. സമഗ്രശിക്ഷ കട്ടപ്പന ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍ മുരുകന്‍ വി.അയത്തില്‍, സ്കൂള്‍ പ്രിന്‍സിപ്പൽ ജയ്സണ്‍ ജോണ്‍, പ്രധാനാധ്യാപകൻ സി. രാജശേഖരന്‍, പി.ടി.എ പ്രസിഡൻറ് ആന്‍സി ജോസഫ്, ബി.ആര്‍.സി പരിശീലകൻ ഡോ. ഫൈസല്‍ മുഹമ്മദ്, പ്രോഗ്രാം കണ്‍വീനര്‍ ഇ.കെ. ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു. പി.എന്‍. സുരേന്ദ്രന്‍, ദിപു ജോണ്‍, പി.സി. ജോസഫ്, കെ.വി. സാലി, മേരി കുര്യന്‍, ഐബി മരിയ, ഐസക്, വി.എം. ബിജുകുമാര്‍ എന്നിവര്‍ ക്ലാസുകൾക്ക് നേതൃത്വം നല്‍കി. ........................ ഭൂമിപതിവ് ചട്ടം: യു.ഡി.എഫ് സമരപ്രഖ്യാപന കൺവെൻഷൻ തൊടുപുഴ: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യുക, ജില്ലക്ക് മാത്രം ബാധകമായ നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക, പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം വിതരണം ചെയ്യുക, വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, വന്യജീവി ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. പ്രകൃതി ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിലും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിലും നഷ്ടപരിഹാരം നൽകുന്നതിലും സർക്കാറിൻെറ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായത്. ജില്ലയിലെ ഭൂവിഷയങ്ങൾ ശാശ്വതമായി പരിഹാരിക്കാനുള്ള പ്രക്ഷോഭസമരത്തിൽ ആരുമായും സഹകരിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ വ്യകതമാക്കി. .............. കെ.ജി.ഒ.എ ജില്ല കലോത്സവം തൊടുപുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോ. ജില്ല കലോത്സവം നടൻ ലൂയിസ് പോൾ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാംസ്ഥാനം നേടിയവർ ഡിസംബർ 11, 12 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. ഷാജി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഡോ. വി.ബി. വിനയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.