കുറയുന്നില്ല ഗാർഹിക പീഡനം

p2 lead package ഇന്ന്​ സ്​ത്രീധന വിരുദ്ധ ദിനം തൊടുപുഴ: കോവിഡ്​ കാലത്ത്​ സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി കണക്കുകൾ. 2020ൽ ജില്ലയിലാകെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 704 കേസുകളായിരുന്നുവെങ്കിൽ 2021 ജനുവരി മുതൽ ആഗസ്​റ്റ്​വരെ മാത്രം 647 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ജില്ല വുമൺ പ്രൊട്ടക്​ഷൻ ഓഫിസിൽ മാത്രം എത്തിയ പരാതികളുടെ എണ്ണമാണിത്​. പൊലീസിലെത്തിയ പരാതികൾ വേറെയും. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളിൽ വർധനയുള്ളതായാണ്​ കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഭൂരിഭാഗം കേസുകൾക്ക്​ പിന്നിലെയും പ്രധാന ഘടകം സ്​ത്രീധനവുമായി ബന്ധപ്പെട്ടതാണ്​. ഭർതൃപീഡനങ്ങൾ, ഭർത്താവിൻെറ മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ, സംശയം, സ്ത്രീധനവുമായി ബന്ധപ്പെട്ട കലഹങ്ങൾ, സ്ത്രീകളുടെ മാന്യതക്ക് നേരെയുള്ള കടന്നുകയറ്റം ഇവയെല്ലാമാണ്​ ജില്ലയിൽനിന്ന്​ സ്​ത്രീകളോടുള്ള അതിക്രമവുമായി ബന്ധപ്പെട്ട്​ കൂടുതലായും റിപ്പോർട്ട്​ ചെയ്​തത്​. മുമ്പും അതിക്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും പലതും വീടുകളിൽ തന്നെ ഒതുങ്ങുന്ന സാഹചര്യമായിരുന്നു. മറ്റുള്ളവർ എന്തുകരുതും എന്ന രീതിയിൽ പലരും ഇത്​ മൂടിവെക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ, ഇത്​ സ്​ത്രീകളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഒന്നായി മാറി. ഇതിനെതിരെ പൊലീസിൻെറയും വനിത പ്രൊട്ടക്​ഷൻ യൂനിറ്റിൻെറയും നേതൃത്വത്തിൽ ബോധവത്കരണവും നിയമസഹായവുമടക്കം ഇപ്പോൾ നൽകിവരുന്നുണ്ട്​​. അതുകൊണ്ട്​ തന്നെ കൂടുതൽ കേസുകളും റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. അടച്ചിരിപ്പിലും അതിക്രമം കോവിഡ്​ കാലവും ലോക്​ഡൗണും മൂലം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായാണ്​ ജില്ല വുമൺ ​​പ്രൊട്ടക്​ഷൻ ഓഫിസർ ലിസി തോമസ്​ പറയുന്നത്​. വീടുകളിൽ തന്നെ പലരും അകപ്പെട്ട സാഹചര്യത്തിൽ ഉണ്ടായ മാനസിക വിഷമങ്ങളടക്കം ഇതിനു​ കാരണമായി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ വനിത പ്രൊട്ടക്​ഷൻ യൂനിറ്റിൻെറ നേതൃത്വത്തിൽ ആദ്യം കൗൺസലിങ് നൽകും. പ്രശ്നപരിഹാരത്തിനുള്ള സാധ്യത തേടുകയും ഫലം കണ്ടില്ലെങ്കിൽ കേസ് കോടതിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. പ്രൊ​ട്ടക്​ഷൻ യൂനിറ്റ് ​കൂടാതെ ​ജില്ലയിൽ ആറോളം സർവിസ്​ പ്രൊവൈഡിങ്​ സൻെററുകളും വനിതകളുമായി ബന്ധപ്പെട്ട പ്രശ്​ന പരിഹാരത്തിനായി പ്രവർത്തിക്കുന്നുണ്ട്​. ഇവിടെ ആഴ്​ചയിൽ മൂന്ന്​ ദിവസം ലീഗൽ കൗൺസിലർമാരുടെയും സേവനം ലഭിക്കുമെന്നും ഇവർ പറഞ്ഞു. ബോധവത്കരണ പ്രവർത്തനങ്ങൾക്കിടയിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സംഭവങ്ങളുണ്ട്. ഭർതൃവീടുകളിലും മറ്റും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് സഹിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കരുതെന്നും മറ്റ്​ സഹായം തേടണമെന്നും ജില്ല വുമൺ പ്രൊട്ടക്​ഷൻ ഓഫിസർ പറഞ്ഞു. ഗാർഹിക മേഖലയിലടക്കം ഏതെങ്കിലും തരത്തിലുള്ള പ്രശ്​നങ്ങൾ നേരിട്ടാൽ 04862 221722, 8281999056 നമ്പറുകളിൽ ബന്ധപ്പെടണം. സ്​ത്രീധന നിരോധന ദിനാചരണം ഇന്ന്​ തൊടുപുഴ: ജില്ല വനിത ശിശു വികസന ഓഫിസ്​ ആഭിമുഖ്യത്തിൽ സ്​ത്രീധന നിരോധന ദിനാചരണം സംഘടിപ്പിക്കും. വെള്ളിയാഴ്​ച രാവിലെ പത്തിന്​ തൊടുപുഴ സേ​വ്യേഴ്​സ്​ ഹോം ഓഡിറ്റോറിയത്തിലാണ്​ പരിപാടി​. വിവിധ മത മേധാവികളും റെസിഡൻറ്​സ്​ അസോസിയേഷൻ ഭാരവാഹികളും പൊതുജനങ്ങളും പ​ങ്കെടുക്കുന്ന ബോധവത്​കരണ പരിപാടിയിൽ ശൈശവ വിവാഹം, സ്​ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം, ലിംഗപരമായ അതിക്രമങ്ങളിലൂടെ സ്​ത്രീകൾ നേരിടുന്ന സാമൂഹിക, മാനസിക പ്രത്യാഘാതങ്ങൾ വിഷയങ്ങൾ ചർച്ച ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.