ഭൂവുടമകളെ കുടിയിറക്കാൻ പൊലീസ്​ നീക്കം; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തൊടുപുഴ: 70 വർഷത്തിലേറെയായി കൈവശം ​െവച്ചിരിക്കുന്ന പട്ടയഭൂമിയിൽനിന്ന്​ സാധാരണക്കാരെ കുടിയിറക്കാനുള്ള കെ.എ.പി ബറ്റാലിയൻ അധികൃതരുടെ നടപടി അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. നാലാഴ്​ചക്കകം റിപ്പോർട്ട് നൽകാൻ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക് കലക്​ടർക്ക്​ നിർദേശം നൽകി. കേസ് ഫെബ്രുവരി 24ന് പരിഗണിക്കും. പീരുമേട്-കുട്ടിക്കാനം ഭാഗത്ത് രാജവംശത്തി​ൻെറ കൈയിലിരുന്ന 400 ഏക്കർ ഭൂമി രാജകുടുംബം നേര​േത്ത സർക്കാറിന് വിട്ടുനൽകിയിരുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയിൽ പറയുന്നു. അതിൽ 273.88 ഏക്കർ പൊലീസിനും ബാക്കി വനം വകുപ്പിനും റവന്യൂവിനുമായി സർക്കാർ നൽകി. ഇതിൽനിന്ന്​ സർവേ കഴിഞ്ഞ് തിരിച്ചിട്ട മിച്ചഭൂമി ഭൂരഹിതർക്ക് പതിച്ചുനൽകാൻ സർക്കാർ പിന്നീട് തീരുമാനിച്ചു. 1960 മുതൽ ഇവിടെ ഭൂരഹിതർ താമസവും കൃഷിയും ആരംഭിച്ചു. 2004ൽ കെ.എ.പിക്ക് കൈമാറി. 2007ൽ ഭൂമിയിൽനിന്ന്​ ആളുകളെ കുടിയൊഴിപ്പിക്കാൻ ശ്രമം നടന്നെങ്കിലും എതിർപ്പിനെ തുടർന്ന് നടന്നില്ല. അഞ്ച്​ മുതൽ 10 സൻെറ്​ മാത്രമുള്ളവരാണ് ഇവിടെ താമസം. കെ.എ.പി ബറ്റാലിയനിൽ പുതിയ മേധാവിമാർ വരുമ്പോൾ കുടിയൊഴിപ്പിക്കൽ ഭീഷണി ഉണ്ടാകാറുണ്ടെന്നാണ് പരാതി. ഇപ്പോൾ വീണ്ടും ഭീഷണി നേരിടുകയാണ്. പട്ടയം ലഭിച്ച ഭൂവുടമകളെ വാസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.