തൊടുപുഴ: കൈവശഭൂമിക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് ഐക്യമലഅരയ മഹാസഭ ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 100 കേന്ദ്രങ്ങളിൽ പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2020 ജൂണിലെ സർക്കാർ ഉത്തരവ് പ്രകാരം ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കൈവശഭൂമിക്ക് 1964ലെ ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിധേയമായി പട്ടികജാതി/പട്ടികവർഗക്കാർക്കും സ്വകാര്യ വ്യക്തികൾക്കും പട്ടയം അനുവദിക്കാൻ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഇടുക്കി ജില്ലയിൽ ഉടുമ്പന്നൂർ വില്ലേജിൽ 300ലേറെ പേർക്ക് പട്ടയം വിതരണം ചെയ്തിരുന്നു. വെള്ളിയാമറ്റം വില്ലേജിലെ 3600 പേരിൽനിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അറക്കുളം വില്ലേജിൽനിന്ന് അപേക്ഷ സ്വീകരിച്ചിട്ടില്ല. പീരുമേട് താലൂക്കിൽ സ്പെഷൽ ഓഫിസ് ഉണ്ടായിരുന്നിട്ടും ഉത്തരവ് ബാധകമായ കൊക്കയാർ, മ്ലാപ്പാറ വില്ലേജുകളിൽനിന്ന് ആരുടെയും അപേക്ഷകൾ സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ജില്ലയിലെ പൂച്ചപ്ര, പൂമാല, കരിപ്പിലങ്ങാട്, നാടുകാണി, പതിപ്പള്ളി, കുറ്റിപ്ലങ്ങാട്, മൂഴിക്കൽ, മൂലമറ്റം, തൊടുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തരമായി സർവേ നടപടികൾ ആരംഭിക്കണമെന്നും കരിമണ്ണൂർ എൽ.എ തഹസിൽദാറിനു കീഴിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പട്ടയം നൽകാനുള്ള മുഴുവൻ വില്ലേജുകളിലും ഒരേസമയം സർവേ നടപടികൾ ആരംഭിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഡിസംബർ 21ന് പുഞ്ചവയലിൽനിന്ന് നടത്തിയ സമര പ്രഖ്യാപനത്തെ തുടർന്ന് വിവിധ ജില്ലകളിലെ കുടുംബാംഗങ്ങൾ വീടുകളിൽനിന്ന് വില്ലേജ് ഓഫിസുകളിലേക്ക് അനേകം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് മാർച്ച് നടത്തുകയും പുതുവർഷ ദിനത്തിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസിനു മുന്നിൽ പട്ടിണി സമരം നടത്തുകയും ചെയ്തിരുന്നു. നടപടിയൊന്നും ആകാതിരുന്ന സാഹചര്യത്തിലാണ് 100 കേന്ദ്രങ്ങളിൽ പട്ടിണിസമരം നടത്തി ജനകീയ പ്രക്ഷോഭമാക്കി മാറ്റാൻ തീരുമാനിച്ചത്. പ്രക്ഷോഭത്തിൽ പട്ടികജാതിക്കാരെയും മലയോര കർഷകരെയും പങ്കാളികളാക്കും. വാർത്തസമ്മേളനത്തിൽ സഭ പ്രസിഡൻറ് സി.ആർ. ദിലീപ് കുമാർ, വനിത സംഘടന സംസ്ഥാന പ്രസിഡൻറ് കരിഷ്മ അജേഷ് കുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഇ.കെ. ദിവാകരൻ, ഗോപൻ നെല്ലിപ്പുള്ളിൽ, സി.ആർ. രാജീവ്, ഉഷ അനിൽകുമാർ എന്നിവർ പങ്കെടുത്തു. ജപ്തി നടപടിയുമായി റവന്യൂ വകുപ്പ്; കർഷകരും ചെറുകിട വ്യാപാരികളും ആശങ്കയിൽ അടിമാലി: നിർബന്ധിത കുടിശ്ശിക നിവാരണവുമായി റവന്യൂ വകുപ്പ് രംഗത്ത്. ഇതോടെ കർഷകരും ചെറുകിട വ്യാപാരികളും ആശങ്കയിലായി. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദത്തെ തുടർന്നാണ് റവന്യൂ അധികൃതർ നടപടിയുമായി മുന്നോട്ട് പോകുന്നത്. ബാങ്കുകൾ നൽകിയിരിക്കുന്ന ഭവന-കാർഷിക-കാർഷികേതര വായ്പകൾ കുടിശ്ശികയുള്ളവർക്കും ബിൽഡിങ് ടാക്സ് ഉൾെപ്പടെ ഇതര കുടിശ്ശികയുള്ളവരിൽനിന്ന് ഇവ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് അധികാരികൾ നോട്ടീസ് നൽകിവരുന്നത്. ഏഴു ദിവസത്തിനകം മുതലും പലിശയും ഉൾപ്പെടെ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പും നൽകുന്നു. ഒരു വില്ലേജിൽ 500 മുതൽ 1000 വരെ നോട്ടീസുകളാണ് ഉള്ളത്. ഇത് സമയബന്ധിതമായി നൽകി തുക അടപ്പിക്കാൻ കലക്ടർ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയതോടെ മറ്റെല്ലാ ജോലിയും മാറ്റിവെച്ച് നോട്ടീസ് നടപടിയുമായി വില്ലേജ് അധികൃതർ വീടുകൾ കയറിയിറങ്ങുകയാണ്. രണ്ടുവർഷത്തെ മഹാപ്രളയവും പിന്നീടെത്തിയ കോവിഡും കർഷകരെയും ചെറുകിട വ്യാപാരികളെയും സ്വയം തൊഴിൽ സംരംഭകരെയും കടക്കെണിയിലാക്കിയിരുന്നു. ഇത് വായ്പ തിരിച്ചടവിനു തടസ്സമായി. പൊന്നാരത്താൻപരപ്പ്-പാലം ജങ്ഷൻ റോഡ് നിർമാണം തുടങ്ങി കട്ടപ്പന: കൊച്ചി -തേക്കടി സംസ്ഥാനപാതയിൽ മുടങ്ങിക്കിടന്നിരുന്ന പൊന്നാരത്താൻപരപ്പ്-പാലം ജങ്ഷൻ റോഡിൻെറ നിർമാണം തുടങ്ങി. സ്ഥലം ഉടമകൾ സ്ഥലം വിട്ടുനൽകുന്നതിൽ ഉണ്ടായിരുന്ന തർക്കം പരിഹരിച്ചതോടെയാണ് നിർമാണം തുടങ്ങാനായത്. വാഗമൺ മുതൽ പൊന്നാരത്താൻപരപ്പ് വരെ റോഡ് വീതികൂട്ടി നിർമിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. വാഗമണ്ണിനും ഉപ്പുതറക്കും ഇടയിൽ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ, ഭൂമി വിട്ടുകിട്ടുന്നതിലെ തർക്കംമൂലം പരപ്പ്-പാലം ജങ്ഷൻ വരെ ഭാഗത്ത് നിർമാണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. രണ്ടുതവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ സാന്നിധ്യത്തിൽ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡൻറ് മിനിമോൾ നന്ദകുമാർ വികാസ്ഭവനിൽ പ്രദേശവാസികളുടെ യോഗം ചേർന്നിരുന്നു. യോഗത്തിലുണ്ടായ തീരുമാനമനുസരിച്ചാണ് റോഡ് പണി തുടങ്ങിയത്. റോഡിൻെറ ഇരുവശത്തേക്കും ഒരുപോലെ നാലുമീറ്റർ വീതിയിൽ ഭൂമി വിട്ടുനൽകാൻ സ്ഥലം ഉടമകൾ സന്നദ്ധരായി. തടസ്സമായി റോഡരികിൽ നിൽക്കുന്ന വൈദ്യുതി തൂണുകൾ നീക്കം ചെയ്യാൻ വൈദ്യുതി ബോർഡും നടപടി സ്വീകരിക്കും. നിലവിലെ റോഡിൻെറ ഇരുവശത്തെയും പ്രധാന തടസ്സം നീക്കുന്ന ജോലിയാണ് വ്യാഴാഴ്ച തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സവിത ബിനു, പഞ്ചായത്ത് അംഗങ്ങളായ സുമോദ് ജോസഫ്, മനു കെ. ജോൺ, നിഷ ബിനോജ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. TDL PONNARATHAN ROAD പൊന്നാരത്താൻപരപ്പ്-പാലം ജങ്ഷൻ റോഡ് നിർമാണം തുടങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.