ഇന്ന് കർഷകദിനം തൊടുപുഴ: മുന്നിലിരിക്കുന്നവരുടെ രോഗം മനസ്സിലാക്കി ചികിത്സിച്ച് ഭേദമാക്കുന്ന അതേ കരുതൽ തന്നെയാണ് കൃഷിയുടെ കാര്യത്തിലും ഡോ. തോമസ് എബ്രഹാമിന്. നാലുവർഷമായി തനിക്ക് പോസിറ്റിവ് എനർജി നൽകുന്ന സ്ഥലമാണ് കൃഷിയിടമെന്ന് ഡോക്ടർ നിസ്സംശയം പറയും. രോഗികളുടെ വേദനകളും മരുന്നും നിറഞ്ഞ ആശുപത്രി മുറികളിലെ തിരക്കുകളിൽനിന്ന് അൽപം മാറിയാൽ ആദ്യം പോകുക തന്‍റെ കൃഷിയിടത്തിലേക്കാകും. 40 വർഷം മുമ്പ് പിതാവായ ഡോ. എബ്രഹാം തേക്കിൻകാട്ടിലാണ് ആശുപത്രിക്ക് സമീപം കൃഷി ആരംഭിക്കുന്നത്. പരീക്ഷണം വിജയംകണ്ടതോടെ കൃഷി പതിയെപ്പതിയെ വളർന്നു. പിതാവിനിപ്പോൾ 96 വയസ്സായി. കൃഷിയോട് ഏറെ താൽപര്യമുണ്ടായിരുന്നതിനാൽ നാല് വർഷം മുമ്പ് തോമസ് എബ്രഹാം കൃഷിയിലേക്കുകൂടി ഇറങ്ങുകയായിരുന്നു. തൊടുപുഴക്ക് സമീപം തെക്കുംഭാഗത്താണ് പത്ത് ഏക്കറിൽ റംബൂട്ടാൻ തോട്ടമുള്ളത്. ഇവിടെ ജാതി, കൊക്കോ, വാനില, മാങ്കോസ്റ്റീൻ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയും ഉണ്ട്. ജൈവകൃഷിരീതി തന്നെയാണ് പിന്തുടരുന്നത്. ആട്ടിൻകാഷ്ഠവും ഒപ്പം കോഴിക്കാഷ്ഠവുമാണ് റംബൂട്ടാന് നൽകുന്ന വളങ്ങൾ. തുള്ളിനനയിലൂടെ റംബൂട്ടാൻ മരങ്ങളുടെ ചുവട്ടിൽ വെള്ളവുമെത്തിക്കും. കൂടുതൽ ജലാശം എല്ലായിടത്തും എത്തിക്കാൻ നൂതന സംവിധാനങ്ങൾ കൃഷിയിടത്തിൽ സജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് ഡോക്ടർ. മൊബൈൽ ഫോണുമായി ബന്ധിപ്പിച്ച് വീട്ടിലിരുന്നുതന്നെ നനക്കാനുള്ള സംവിധാനം ഏറെപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിളപരിപാലനം പ്രയോജനപ്പെടുത്താൻ ഡ്രോൺ വഴിയുള്ള വളം-കീടനാശിനി പ്രയോഗത്തിനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയും തുടങ്ങിയിട്ടുണ്ട്. റംബൂട്ടാന് ഇടവിളയായി കൂവകൃഷിയുണ്ട്. എല്ലാദിസവും രാവിലെ റൗണ്ട്സിന് പോകുംമുമ്പേ കൃഷിയിടത്തിൽ എത്താൻ ഡോക്ടർ ശ്രദ്ധിക്കാറുണ്ട്. കാര്യങ്ങൾ വിലയിരുത്തി ജോലിക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകും. പിതാവിന്‍റെ ഉപദേശവും ഭാര്യ പിങ്കിയും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങളുടെ പിന്തുണയും ഡോക്ടർ ജോലിക്കൊപ്പം കൃഷിയെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാന ഘടകമാണ്. രോഗികൾക്ക് ആശുപത്രിയിൽ സൗഖ്യം ലഭിക്കുമ്പോൾ തന്‍റെ മനസ്സിന് കൃഷിയിലൂടെ വലിയ ആനന്ദം ലഭിക്കുന്നുണ്ടെന്നും ഡോക്ടർ പറയുന്നു. TDL DR THOMAS ABRAHAM ഡോ. തോമസ് എബ്രഹാം റംബൂട്ടാൻ കൃഷിയിടത്തിൽ വിളവ് നൂറുമേനി; ഒരുവിഹിതം ജീവകാരുണ്യത്തിന് കുമളി: പൊതുപ്രവർത്തനത്തിന്‍റെ തിരക്കിനിടയിലും വീടിന് പരിസത്തെ കൃഷിയിടത്തിൽ വിളവുകൾ നൂറുമേനിയിലെത്തിക്കുന്ന കാര്യത്തിൽ ഷാജിമോൻ പിശുക്ക് കാട്ടാറില്ല. ഗ്രാമപഞ്ചായത്ത് മെംബറായിരുന്ന ഷാജിമോൻ ശ്രീധരൻ നായർ വീടിനു ചുറ്റുമുള്ള 80 സെന്‍റ് സ്ഥലത്ത് പച്ചക്കറിയും നാണ്യവിളകളും കൃഷിചെയ്താണ് നൂറുമേനി കൊയ്തത്. കൃഷിയിടത്തിലെ വരുമാനത്തിൽ ഒരുവിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുകൂടി നീക്കിവെക്കാൻ തിരക്കിനിടയിലും ഷാജിയും കുടുംബവും മറക്കാറില്ല. ഭാര്യ ശാന്തി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റാണ്. പുലർച്ച നാലിന് തുടങ്ങുന്ന ദിവസത്തിലെ തിരക്ക് രാത്രി പത്തിനും തീരില്ല. കൃഷി കൂടാതെ എരുമകളും പശുക്കളും ഉണ്ട്. വീടിന് സമീപം ഗ്രോബാഗുകളിലും കൃഷിയുണ്ട്. കൃഷിയിടത്തിൽ വിളഞ്ഞ പടവലവും വെണ്ടയും ചേനയും ഉൾപ്പെടെ ഫലങ്ങൾ വിൽക്കുന്നതിനേക്കാൾ കൂടുതൽ നാട്ടുകാർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ് പതിവ്. വീടിന് സമീപം പുതിയ കൂടുകൾ നിർമിച്ച് ഇതിൽ പ്രാവ്, കിളികൾ, മുയൽ, ഗിനിപ്പന്നി, കരിങ്കോഴി, അലങ്കാര കോഴികൾ, ലൗ ബേർഡ്സ് എന്നിങ്ങനെ താറാവും നായ്ക്കളെയും വരെ വളർത്തുന്നുണ്ട്. മൂന്ന് മക്കളും കുടുംബവും കൃഷിയും പൊതുപ്രവർത്തനവും എല്ലാം ചേർന്ന് തിരക്കിന്‍റെ നടുവിലാണ് കളരിക്കൽ വീട്ടിൽ ഷാജിമോൻ. TDL SHAJIMON സ്വന്തമായി വിളയിച്ച ഒരുമൂട് ചേനയുമായി ഷാജിമോൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.