തൊടുപുഴ: പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായുള്ള പരിശോധനക്ക് താലൂക്ക് അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കുള്ള നിരോധനം പൂർണമായി നടപ്പിൽ വരുത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന ശക്തമാക്കുന്നത്. ജൂലൈ ഒന്നുമുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും നടപടികൾ ശക്തമാക്കിയിരുന്നില്ല. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് ജോയന്‍റ് ഡയറക്ടർ, പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻവയൺമെന്‍റ് എൻജിനീയർ, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ, തഹസിൽദാർമാർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികൾ ശക്തമാക്കാൻ തീരുമാനങ്ങൾ സ്വീകരിച്ചത്. റവന്യൂ വകുപ്പിൽനിന്ന് ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലെ ജീവനക്കാരെ പരിശോധനയുടെ ഭാഗമായി ഉൾപ്പെടുത്താനും നിർദേശമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡും പഞ്ചായത്തും ചേർന്ന് ഇതുസംബന്ധിച്ച ബോധവത്കരണവും നടത്താൻ യോഗം നിർദേശിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായികൾ ഹോട്ടൽ അസോസിയേഷൻ എന്നിവർക്ക് അടക്കം ബോധവത്കരണം നൽകണമെന്നും നിർദേശം ഉണ്ട്. ഇതുവരെ പരിശോധന നടത്തിയത് 33 പഞ്ചായത്തുകളിൽ ഇതുവരെ 33 പഞ്ചായത്തിൽ പരിശോധന നടത്തി. 18 പഞ്ചായത്തിൽ രണ്ടാംഘട്ട പരിശോധനയും നടത്തി. ഇപ്പോഴും പല വ്യാപാര സ്ഥാപനങ്ങളിലും ഇത്തരം പ്ലാസ്റ്റിക്കുകൾ വിൽക്കുന്നതായി പരിശോധനക്ക് നേതൃത്വം നൽകിയവർ പറഞ്ഞു. മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലടക്കം ഇപ്പോഴും പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട്. പ്ലാസ്റ്റിക് കാരി ബാഗുകൾ, കപ്പുകൾ, സ്ട്രോകൾ, സ്പൂണുകൾ, ഷീറ്റുകൾ, കൊടിതോരണങ്ങൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കുകൾ, പി.വി.സി ഫ്ലക്സുകൾ, അരലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, തെർമോക്കോൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, നേവൺ വൂവൽ പോളി പ്രോപ്പലിൻ കാരിബാഗുകൾ എന്നിവക്കടക്കമാണ് നിരോധനം നിലവിലുള്ളത്. പക്ഷേ, ഇവയെല്ലാം കടകളിൽ സുഗമമായി ലഭിക്കുന്നുണ്ട്. പരിശോധനയിൽ സ്ക്വാഡിനൊപ്പം പൊലീസിന്‍റെ സഹായംകൂടി ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. കുടുംബശ്രീ വഴി ബദൽ ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പേപ്പര്‍ ബാഗുകള്‍, തുണിസഞ്ചികള്‍, പേപ്പര്‍ ഷീറ്റുകള്‍, വാഴയില, സ്റ്റീല്‍, സെറാമിക് പാത്രങ്ങള്‍, പേപ്പര്‍, തുണി, കൊടി തോരണങ്ങള്‍, തുണി ബാനറുകള്‍ എന്നിവക്കാകും മുൻഗണന. ആദ്യപടിയെന്ന നിലയില്‍ വ്യാപാരികളടക്കമുള്ളവർക്ക് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യരുതെന്ന് താക്കീത് നല്‍കി. ഇതിനുപകരം ഉപയോഗിക്കാവുന്ന ഉൽപന്നങ്ങളെ സംബന്ധിച്ച് വ്യാപാരികള്‍ക്ക് ബോധവത്കരണം നല്‍കുന്നുണ്ട്. ആദ്യഘട്ടത്തിൽ മുന്നറിയിപ്പും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള്‍ പിടികൂടിയാല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയീടാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.