ജീപ്പ്​ പുഴയിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടു

തൊടുപുഴ: കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ ചപ്പാത്തിൽനിന്ന്​ ജീപ്പ്​​ പുഴയിൽ​ വീണു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. കരിമണ്ണൂർ പഞ്ചായത്ത്​ മൂന്നാം വാർഡിൽ തൊമ്മൻകുത്തി​ൽനിന്ന്​ മണ്ണൂക്കാട്ടേക്ക്​ പോകുന്ന റോഡിൽ കപ്പലാംചുവട്ടിലെ കൈവരിയില്ലാത്ത ചെറിയ ചപ്പാത്തിൽ നിന്നാണ്​ വീണത്​. ബുധനാഴ്ച വൈകീട്ട്​ ഏഴ്​ മണിയോടെയാണ്​ സംഭവം. മണിയാറൻകുടി സ്വദേശി പുതിയകുന്നേൽ ബിജു (45), തടിയമ്പാട്​ ഭൂമിയാംകുളം ലിസി ഭവനിൽ നൗഷാദ്​ (36) എന്നിവരാണ്​ ജീപ്പിലുണ്ടായിരുന്നത്​. വാഹനം പുഴയിലേക്ക് പതിച്ചതോടെ ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ജീപ്പിനു മുകളില്‍ കയറി നിന്നയാളെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പുഴയിലേക്ക് പതിച്ച ജീപ്പ് പിന്നീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. തടിയമ്പാടുനിന്ന്​ ആടുകളെയുമായി വന്ന വാഹനം തിരികെ പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട്​ പുഴയില്‍ പതിച്ചത്. പ്രദേശത്ത്​ കനത്ത മഴയായതിനാൽ പുഴയിൽ ജനനിരപ്പ്​ ഉയർന്ന്​ ചപ്പാത്തിൽ വെള്ളം കയറിയിരുന്നു. തൊടുപുഴയിൽനിന്ന്​ അഗ്​നിരക്ഷാസേനയും കരിമണ്ണൂർ പൊലീസും സ്ഥലത്തെത്തി. വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.