മണ്ണിടിച്ചിൽ; നിർമാണപ്രവൃത്തിക്ക്​ വിലക്ക്​

പീരുമേട്​: കഴിഞ്ഞദിവസം പീരുമേട്ടിൽ ഐ.എച്ച്.ആർ.ഡി കോളജിന് സമീപം മണ്ണിടിയാനിടയാക്കിയ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാനും ഇത്​ സംബന്ധിച്ച്​ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ നിർദേശം. മഴയുടെ പശ്ചാത്തലത്തിൽ പീരുമേട്​ താലൂക്കിലെ സുരക്ഷ മുന്‍കരുതൽ ചര്‍ച്ചചെയ്യാൻ വാഴൂര്‍ സോമന്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ ചേർന്ന അടിയന്തര ദുരന്തനിവാരണ അവലോകന യോഗത്തിലാണ്​ നിർദേശം നൽകിയത്​. അപകടം ക്ഷണിച്ചുവരുത്താതെ പരിഹരിക്കണമെന്നും ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും എം.എൽ.എ പറഞ്ഞു. അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റും. ചികിത്സകിട്ടാതെ മരണം സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കണം. ആംബുലന്‍സ് സേവനത്തി‍ൻെറ കൃത്യത ഉറപ്പാക്കും. അപകടാവസ്ഥയിലായ ലയങ്ങളില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അടിയന്തര നടപടി കൈ​ക്കൊള്ളാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് മറ്റൊരു കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. ലയങ്ങളുടെ പരിശോധന നടന്നുവരികയാണ്. റവന്യൂ വകുപ്പ് പൂര്‍ണ സജ്ജമാണെന്ന് ഭൂരേഖ തഹസില്‍ദാര്‍ സുനില്‍കുമാര്‍ പറഞ്ഞു. പണ്ടാരംപടി പാലം തകർന്നു കട്ടപ്പന: കനത്ത മഴയിൽ ഉപ്പുതറ-പത്തേക്കർ-പൊരികണ്ണി റോഡിലെ പാലം തകർന്നു. 30ഓളം കുടുംബങ്ങളുടെ യാത്രമാർഗമാണ് ഇതോടെ ഇല്ലാതായത്. ഒരാഴ്ച നീണ്ട മഴയിൽ പാലത്തി‍ൻെറ സംരക്ഷണഭിത്തി തകരുകയും ചൊവ്വാഴ്ച രാവിലെ പാലം പൂർണമായും തകർന്നുവീഴുകയുമായിരുന്നു. പത്തേക്കർ ജങ്​ഷന് സമീപത്തെ പണ്ടാരംപടി പാലമാണ് തോട്ടിൽ പതിച്ചത്. പത്തേക്കറിൽ എത്തണമെങ്കിൽ ഇവർക്ക്​ ഇനി രണ്ടരക്കിലോമീറ്ററോളം ചുറ്റണം. 10 വർഷം മുമ്പ് ഉപ്പുതറ പഞ്ചായത്ത് നിർമിച്ചതാണ് പാലം. ഇരുവശവും വീണ്ടും മണ്ണിടിയുന്ന അവസ്ഥയിലാണ്. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ്​ ജയിംസ് കെ.ജേക്കബ്, ഉപ്പുതറ വില്ലേജ് ഓഫിസർ, പൊലീസ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.