രാമൻതുരുത്തിൽ കോർപറേഷൻ ടാങ്കറിൽ എത്തിക്കുന്ന കുടിവെള്ളം ഡ്രമ്മുകളിൽ നിന്ന് കോരിയെടുക്കുന്ന വീട്ടമ്മ
കൊച്ചി: ദിവസങ്ങളായി മഴ മാറി നിൽക്കുകയും ചൂട് കൂടുകയും ചെയ്തതോടെ ജില്ലയുടെ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം. വേനൽക്കാലം ഈ പ്രദേശങ്ങളുടെ പേടി സ്വപ്നമാണ്. മഴക്കാലത്ത് പോലും കുടിവെള്ളത്തിനായി പരക്കം പായേണ്ടിവരുന്നവർ വേനലെത്തുന്നതോടെ കൊടും ദുരിതത്തിലേക്ക് നീങ്ങുകയാണ്. ചില പ്രദേശങ്ങളിൽ ഇപ്പോൾ തന്നെ ജലക്ഷാമം രൂക്ഷമായി അനുഭവപ്പെട്ട് തുടങ്ങിയെങ്കിൽ മറ്റിടങ്ങളിൽ മാർച്ച്, ഏപ്രിൽ മാസേങ്ങളോടെ സ്ഥിതി രൂക്ഷമാകും. തദ്ദേശസ്ഥാപനങ്ങൾ ചില പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. പൈപ്പ് വഴി വെള്ളമെത്തുന്ന സ്ഥലങ്ങളിൽ ഇടക്കിടെ ദിവസങ്ങളോളം മുടങ്ങുന്നത് പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നു. പാതിവഴിയിലെത്തിയ പദ്ധതികളും യഥാസമയം അറ്റകുറ്റപ്പണി നടത്താത്ത വിതരണ സംവിധാനങ്ങളുമാണ് പലയിടത്തും കുടിവെള്ള പ്രശ്നം സങ്കീർണമാക്കുന്നത്.
◀ നഗരത്തിലും ജലക്ഷാമം
നഗരപരിധിയിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴേ ജലക്ഷാമം തുടങ്ങി. കൊച്ചി കോർപറേഷൻ ഒന്നാം ഡിവിഷനായ രാമൻതുരുത്തിൽ കുടിവെള്ളം ലോറികളിൽ എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്. കളമശ്ശേരി നഗരസഭയുടെ കിഴക്കൻ മേഖലയിൽ വരും നാളുകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാകും. ഉയർന്ന പ്രദേശങ്ങൾ ആയതിനാൽ ഇവിടെ വെള്ളമെത്താൻ പ്രയാസമാണ്. ജലവിഭവ വകുപ്പ് പൈപ്പുകൾ വഴി ജലം എത്തിക്കുന്നുണ്ടെങ്കിലും കടുത്ത വേനലിൽ നഗരസഭ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു നൽകാറാണ് പതിവ്. പെരുമ്പടപ്പ്, പള്ളുരുത്തി മേഖലകളിലും മട്ടാഞ്ചേരിയുടെ വിവിധ ഭാഗങ്ങളിലും ഇപ്പോഴേ കുടിവെള്ളക്ഷാമമുണ്ട്.
ഏലൂരിൽ മഞ്ഞുമ്മലിൽ ഉയർന്ന ഭാഗങ്ങളിൽ ജലക്ഷാമം നേരിടാറുണ്ട്. പൊതുപൈപ്പുകൾ വഴി ജലം എത്താറുണ്ടെങ്കിലും വേനലിൽ ബുദ്ധിമുട്ട് നേരിടും. ഈ ഘട്ടത്തിൽ പ്രതിഷേധങ്ങൾ ഉയരുമ്പോൾ ജലവിഭവവകുപ്പും നഗരസഭയും ഇടപ്പെട്ട് പരിഹാരം കാണുമെങ്കിലും ശാശ്വത പരിഹാരം ഇനിയും അകലെയാണ്. കടുത്ത വേനലിൽ കളമശ്ശേരി നഗരസഭയുടെ കിഴക്കൻ മേഖലകളായ കങ്ങരപ്പടി, ഏലൂരിൽ മഞ്ഞുമ്മൽ ഭാഗം എന്നിവിടങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാകും.
◀ വെള്ളം എത്തിയിട്ട് ദിവസങ്ങൾ
വൈപ്പിൻ മേഖലയിൽ എളങ്കുന്നപ്പുഴ, ഞാറക്കൽ, പള്ളിപ്പുറം പഞ്ചായത്തുകളിലാണ് നിലവിൽ കുടിവെള്ള ക്ഷാമം രൂക്ഷം. ചാപ്പാ കടപ്പുറം, മഞ്ഞനക്കാട്, വലിയവട്ടം പൂക്കാട്, തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം എത്തിയിട്ട് ദിവസങ്ങളായെന്ന് പ്രദേശവാസികൾ പറയുന്നു.
പറവൂരിൽ ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തിലെ വിവിധ മേഖലകൾ എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. ക്രിസ്മസ് ദിനത്തിൽ ഉൾപ്പടെ കുടിവെള്ളം കിട്ടാതെ നാട്ടുകാർ വലയുന്ന അവസ്ഥ ഉണ്ടായി. കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലി, മാട്ടുപുറം, ഡൈമൺ മുക്ക്, കള്ളിക്കുഴി, മാഞ്ഞാലി കുന്നുംപുറം, മാക്കനായി, കൊച്ചു കുന്നുംപുറംപ്രദേശങ്ങൾ ഉൾപ്പെടുന്ന 1, 2, 3, 22 വാർഡുകളിലാണ് കൂടുതൽ ക്ഷാമം. ആലങ്ങാട് പഞ്ചായത്തിലെ നീറിക്കോട് ഒന്ന്, രണ്ട്, മൂന്ന്, 24, 23 വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി പഞ്ചായത്തുകളിലെ തീരദേശ മേഖലകളിലും കുടിവെള്ളക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.
◀ ഓരുവെള്ള ഭീഷണി; പമ്പിങ് നിർത്തി
വേനൽ കനത്തതോടെ അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ഭാഗത്തും ചെങ്ങമനാട് പഞ്ചായത്തിൽ നാലാം വാർഡിലെ കോയിക്കൽ കടവ്, പനയക്കടവ് ഭാഗങ്ങളിലും കുന്നുകരയിലെ മലായിക്കുന്ന് ഭാഗത്തും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. ഓരുവെള്ളം കയറിയതിനെത്തുടർന്ന് ചാലക്കുടിപ്പുഴയോട് ചേർന്ന മുഴിക്കുളം ഭാഗത്തെ പാറക്കടവ് പമ്പ് ഹൗസിൽ പമ്പിങ് നി ർത്തിവെച്ചതാണ് പ്രശ്നമായത്. പാറക്കടവ്, കുന്നുകര പഞ്ചായത്ത് പ്രദേശങ്ങളിൽ, പ്രത്യേകിച്ച ഉയർന്ന സ്ഥലങ്ങളിൽ ശുദ്ധജലം കിട്ടാതെ ജനം വലയുകയാണ്.
കായലിൽ നിന്ന് ഒരു വെള്ളം കയറുന്നത് തടയുന്ന കണക്കൻ കടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ രണ്ട് ഷട്ടറുകൾ തകർന്നതാണ് പ്രശ്നത്തിന് തുടക്കം. ഓരുവെള്ളം കിഴക്കോട്ടൊഴുകുന്നത് രൂക്ഷമായതോടെ മേഖലയിലെ പരമ്പരാഗത കർഷകരുടെ ഹെക്ടർ കണക്കിന് കൃഷി നശിക്കുന്ന അവസ്ഥയാണ്. ചെങ്ങമനാട് കോയിക്കൽ കടവ് പമ്പ് ഹൗസ് നവീകരിക്കാത്തതാണ് ചെങ്ങമനാട് പ്രതിസന്ധി സൃഷ്ടിച്ചത്. കുന്നുകരയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ജലക്ഷാമം. പമ്പിങ് കാര്യക്ഷമമല്ലെന്നാണ് പരാതി. ശുദ്ധജല വിതരണം മുടങ്ങിയ പ്രദേശങ്ങളിൽ അടിയന്തിരമായി വാഹനങ്ങളിൽ വെള്ളമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
◀ വെള്ളം കിട്ടാതെ ഉയർന്ന പ്രദേശങ്ങൾ
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ വെങ്ങോല പഞ്ചായത്തിൽ പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഉയർന്ന പ്രദേശങ്ങളായ ഓണംവേലി, ചുണ്ടമല, കദളിക്കുന്ന്, പങ്കിമല തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ ക്ഷാമം. വേനൽക്കാലത്ത് ഇവിടങ്ങളിൽ പൈപ്പ് വെള്ളമാണ് ആശ്രയം. എന്നാൽ, പലപ്പോഴും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം അവതാളത്തിലാണ്. പെരുമ്പാവൂരിലെ പ്രധാന ടാങ്കിൽ നിന്ന് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടുന്നത് വലി ദുരിതമാണെന്ന് നാട്ടുകാർ പറയുന്നു. കാലങ്ങളായുള്ള പരാതി പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല.
◀ ദാഹിച്ചുവലഞ്ഞ് വല്ലാർപാടവും പനമ്പുകാടും
പനമ്പുകാട്, വല്ലാർപാടം പ്രദേശങ്ങളിലും ആഴ്ചകളായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. ചുരുക്കം പൊതുടാപ്പുകളിലൂടെ വെള്ളം വരുന്നത് രാത്രിയിലടക്കം കാത്തിരുന്ന് ശേഖരിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. കുടിവെള്ളം ദുരുപയോഗം ചെയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവിടങ്ങളിലെ ഒട്ടേറെ പൊതുടാപ്പുകൾ അധികൃതർ നീക്കം ചെയ്തത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. തമ്മനത്ത് കുടിവെള്ള ടാങ്ക് തകർന്നതോടെ ജലസംഭരണം താളം തെറ്റിയതാണ് പ്രശ്നത്തിന് കാരണമായി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.