മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലേക്കുകൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമകൊച്ചിയുടെ മുഖച്ഛായ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടാഞ്ചേരി, വിലിങ്ടൺ ഐലൻഡ് വാട്ടർ മെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യാത്ര സംവിധാനങ്ങൾ ഒരുക്കുക എന്നതിനൊപ്പം ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന പൈതൃക പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടർ മെട്രോ മാറുകയാണ്.
ഇത് വിനോദസഞ്ചാര മേഖലക്കും ഉണർവ് നൽകും. നഗരത്തിലെ ജനങ്ങൾക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികൾക്കും ഇവിടേക്ക് വരുന്ന വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടക്കൊച്ചിയിലും തോപ്പുംപടിയിലും പുതിയ ടെർമിനലുകൾ നിർമിക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കടമക്കുടിയിലെ ടെർമിനലിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാർഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപംകൊള്ളും. ഇതൊരു വാട്ടർ സർക്യൂട്ടായി മാറും. 2023ലായിരുന്നു കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്.
ഇതിനോടകം, അരക്കോടിയിലേറെ യാത്രക്കാർ വാട്ടർ മെട്രോ ഉപയോഗിച്ചുവെന്നാണ് കണക്കാക്കുന്നത്. വാട്ടർ മെട്രോയുടെ മാതൃകയിൽ സർവിസ് ഒരുക്കാനുള്ള പിന്തുണ ആവശ്യപ്പെട്ട് വിവിധ സംസ്ഥാന സർക്കാറുകളും വിദേശ രാജ്യങ്ങളും കേരളത്തെ സമീപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വാട്ടർ മെട്രോ ടെർമിനൽ നിർമിക്കാൻ ഭൂമി വിട്ടുനൽകിയ വരാപ്പുഴ അതിരൂപതക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർ ടി. പത്മകുമാരി, ഡോ. എം.പി. രാംനവാസ് എന്നിവർ സംബന്ധിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോകനാഥ് ബഹ്റ സ്വാഗതം പറഞ്ഞു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിയും എം.എൽ.എമാരും വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് വിലിങ്ടൺ ഐലൻഡ് ടെർമിനൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.