കോവിഡ് വാക്സിൻ സ്വീകരിക്കാൻ മഞ്ഞുമ്മലിലെ ആശുപത്രിക്ക് സമീപം കാത്തുനിൽക്കുന്നവർ
ഏലൂർ: മുതിർന്ന പൗരന്മാർക്കായുള്ള കോവിഡ് വാക്സിനേഷന് സർക്കാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തെത്തിയവർ വാക്സിനെടുക്കാനാകാതെ നിരാശരായി മടങ്ങി.
സർക്കാർ വെബ്സൈറ്റായ കോവിനിൽ രജിസ്റ്റർ ചെയ്തതനുസരിച്ച് ഏലൂർ പ്രാഥമികാരോഗ്യകേന്ദ്രം സെൻററായി ലഭിച്ചവരാണിവർ. സെൻററിൽ ആദ്യമെത്തി പേര് നൽകുന്ന 100 പേർക്ക് മാത്രമെ നൽകാനാകൂ എന്നാണ് അധികൃതരുടെ മറുപടി.
രജിസ്റ്റർ ചെയ്തവർ രാവിലെ സെൻററിൽ എത്തുമ്പോൾ വാക്സിനേഷൻ നൽകുന്നത് മഞ്ഞുമ്മൽ സെൻറ് ജോസഫ് ആശുപത്രിയിലാണെന്ന് പറഞ്ഞയച്ചു. അതനുസരിച്ച് മഞ്ഞുമ്മൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് ആദ്യം എത്തി പേര് രജിസ്റ്റർ ചെയ്യുന്ന 100പേർക്കേ ഡോസ് നൽകൂ എന്നറിയുന്നത്. ഇതോടെ രജിസ്റ്റർ ചെയ്ത 60 വയസ്സിന് മുകളിലുള്ളവർ മടങ്ങേണ്ടിവന്നു.
സൈറ്റിൽ 100പേരുടെ രജിസ്ട്രേഷനിൽപെട്ടവർക്ക് വാക്സിൻ നൽകാതെ മടക്കി അയച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. ആരോഗ്യ വകുപ്പ് ഉത്തരവനുസരിച്ച് രജിസ്റ്റർ ചെയ്ത 100 പേർക്ക് നൽകണം. പിന്നെ എങ്ങനെയാണ് ആദ്യമെത്തുന്ന 100 പേർേക്ക നൽകൂവെന്ന് പറയുന്നതെന്നാണ് രജിസ്റ്റർ ചെയ്തവർ ചോദിക്കുന്നത്.
സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും അനർഹമായി വാക്സിൻ നൽകുന്നുണ്ടെന്ന് ഇവർ ആരോപിക്കുന്നു. അതേസമയം, വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർക്ക് കാത്തിരിക്കാനാവശ്യമായ സൗകര്യം ഒരുക്കിയിരുന്നില്ല. പുറത്ത് വെയിലത്ത് കാത്തുനിൽക്കേണ്ടിവന്നതായും ഇവർ പറഞ്ഞു.
രജിസ്റ്റർ ചെയ്തവരെയാണ് പരിഗണിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർ വാക്സിനേഷൻ സ്വീകരിക്കാൻ എത്തുന്നതിലെ തിരക്ക് കാരണത്താലാണ് എല്ലാവർക്കും നൽകാനാകാത്തതെന്ന് സെൻററിലെ ഉദ്യോഗസ്ഥ ഷീജ മോൾ പറഞ്ഞു.
ഇവർക്ക് അടുത്ത ദിവസം കൊടുക്കാനാകുമെന്നും അവർ പറഞ്ഞു. സംഭവത്തിൽ വാക്സിൻ സ്വീകരിക്കാനെത്തിയ മുതിർന്ന പൗരനായ ഒ.എ. കുഞ്ഞുമുഹമ്മദ് ജില്ല മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.