ഫോർട്ട്കൊച്ചി: അടുത്തമാസം ലീസ് കാലാവധി കഴിയുന്ന മുറക്ക് കൊച്ചി മുസ്രിസ് ബിനാലെ നടത്തി വരുന്ന ആസ്പിൻവാൾ ഹൗസിലേക്ക് കൊച്ചി താലൂക്ക് ഓഫിസോ, ആർ.ഡി ഓഫിസോ ഏതെങ്കിലും ഒന്ന് മാറ്റണമെന്ന് കലക്ടർക്ക് കൊച്ചി തഹസിൽദാറുടെ കത്ത്. ഫോർട്ട്കൊച്ചിയിലെ റവന്യൂ വകുപ്പിന്റെ പ്രധാന ഓഫിസുകളായകൊച്ചി താലൂക്ക് ഓഫിസും ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസും ഒരു കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥല പരിമിതിയുടെ നടുവിൽ വീർപ്പുമുട്ടിയാണിത്.
നൂറ്റിയമ്പതിലേറെ ജീവനക്കാരാണ് രണ്ട് ഓഫിസുകളിലായി പരിമിതമായ സൗകര്യങ്ങളിൽ ജോലി ചെയ്യുന്നത്. ഒരു കോൺഫറൻസ് ഹാൾ പോലും കെട്ടിടത്തിലില്ല. താലൂക്ക് വികസന സമിതി ഉൾപ്പെടെയുള്ള യോഗങ്ങൾ ചേരുന്നത് തഹസിൽദാരുടെ റൂമിൽ തിങ്ങിക്കൂടിയാണ്. റെക്കോഡുകൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുടെ കുറവും ഓഫിസ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ലീസ് കുടിശ്ശികയെ തുടർന്നാണ് റവന്യൂ വകുപ്പ് വർഷങ്ങൾക്ക് മുമ്പ് ഭാഗികമായി ഏറ്റെടുത്തത്. 1.30 ഏക്കർ വിസ്തൃതിയുള്ള സ്ഥലം നിലവിൽ ബിനാലെ ഫൗണ്ടേഷന് താൽക്കാലിക ലീസിന് നൽകിയിരിക്കുകയാണ്. ഇതിന്റെ കാലാവധി മേയ് മാസം അവസാനത്തോടെ തീരും. ഇവിടെ നിലവിൽ കെട്ടിടങ്ങൾ ഉള്ളതിനാൽ അതിനായി പ്രത്യേകം പണം ചെലവഴിക്കേണ്ടതില്ല.
പാർക്കിങ്ങിനും വിശാല സൗകര്യമുണ്ട്. ഓഫിസ് പ്രവർത്തനം മാത്രമല്ല ആർ.ഡി.ഒക്കുള്ള താമസത്തിനും സൗകര്യമുണ്ട്.
ഇതെല്ലാം കണക്കിലെടുത്താണ് മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊച്ചി തഹസിൽദാർ കലക്ടർക്ക് കത്ത് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.