റഹിൽ
കാക്കനാട്: ഇൻഫോപാർക്കിന് സമീപമുള്ള ആഡംബര ഹോട്ടലിൽ മുറിയെടുത്തെന്ന വ്യാജേന ലക്ഷങ്ങൾ വിലവരുന്ന സൺഗ്ലാസുകൾ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് തിക്കോടി സ്വദേശി റഹിലാണ് (31) ഇൻഫോപാർക്ക് പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.
സൺഗ്ലാസ് വിൽപന നടത്തുന്ന സ്ഥാപനത്തിലേക്ക് ഫോൺ ചെയ്ത് വിലകൂടിയ സൺഗ്ലാസുകൾ തന്റെ മുതലാളിക്ക് ആവശ്യമാണെന്ന് പറഞ്ഞു. തുടർന്ന് 1,29,000 രൂപ വില വരുന്ന സൺഗ്ലാസുമായി ആഡംബര ഹോട്ടലിൽ എത്തിയ സെയിൽസ്മാന്റെ കൈയിൽനിന്ന് സൺഗ്ലാസുകൾ മുതലാളിയെ കാണിക്കാനെന്ന് പറഞ്ഞു വാങ്ങി ഇയാൾ മുങ്ങുകയുമായിരുന്നു.
തുടർന്ന് കടയുടമ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. വിവിധ പൊലീസ് സ്റ്റേഷനുകൾ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി സൺഗ്ലാസുകൾ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ പതിനാറോളം കേസുണ്ട്.
ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ ജെ.എസ്. സജീവ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.ജി. സജീവ്, വി.എ. ബദർ, എ.എസ്.ഐ സജിത് കുമാർ, സി.പി.ഒ കണ്ണൻ, കളമശ്ശേരി പൊലീസ് സി.പി.ഒ കെ.പി. വിനു, മാഹിൻ അബൂബക്കർ, സെൻട്രൽ പൊലീസ് സ്റ്റേഷൻ സി.പി.ഒമാരായ പ്രശാന്ത് ബാബു, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.