സന്തോഷ് ട്രോഫി താരം ബിബിൻ അജയൻ നെടുമ്പാശ്ശേരി മേക്കാട് നിർമിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്യുന്നു
മേയ്ക്കാട്: സന്തോഷ് ട്രോഫി താരം ബിബിൻ അജയന്റെ വീടെന്ന സ്വപ്നസാക്ഷാത്കാരത്തിലെ ഗൃഹപ്രവേശന ചടങ്ങ് നിർവഹിക്കാൻ വിശിഷ്ടാതിഥിയായെത്തിയത് ആദരവിന്റെയും ആശ്രയത്തിന്റെയും കടപ്പാടുള്ള ജോസ് മാവേലി. ജോസ് മാവേലിയുടെ നേതൃത്വത്തിൽ 1996ൽ ജനസേവ ശിശുഭവൻ രൂപവത്കരിക്കുകയും 2006ൽ എട്ടു വയസ്സുള്ള ബിബിന്റെ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു.
ജനസേവയുടെ മേയ്ക്കാട് ബോയ്സ് ഹോമിൽ ബിബിൻ വളർന്നു. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിലും ആലുവ യു.സി കോളജിലും വിദ്യാഭ്യാസവും നൽകി. ജനസേവ സ്‌പോർട്‌സ് അക്കാദമിയിലും ബിബിനെ ചേർത്തു. കാൽപന്ത് കളിയിൽ ബിബിന്റെ മികവ് തിരിച്ചറിഞ്ഞ ജോസ് മാവേലി അവന് പരിശീലനത്തിന് കൂടുതൽ സംവിധാനമൊരുക്കി. ഉയർച്ചയുടെ പടവുകൾ താണ്ടി ബിബിൻ അജയൻ രാജ്യത്തിനപ്പുറവും അറിയുന്ന മികച്ച കായിക താരമായി.
ബിബിന്റെ കഠിന പരിശ്രമമാണ് 2022ൽ കേരള ടീമിന് കേരള ട്രോഫി ലഭിക്കാനും 2026ൽ രണ്ടാം സ്ഥാനം ലഭിക്കാനും വഴിയൊരുങ്ങിയത്. ബോയ്സ് ഹോം സ്ഥിതി ചെയ്ത പറമ്പിൽനിന്ന് ഏഴ് സെൻറ് സ്ഥലം ബിബിന് ജോസ് മാവേലി സമ്മാനമായി നൽകുകയായിരുന്നു. അതിനുശേഷം രോഹിത എന്ന യുവതിയെ ബിബിൻ വിവാഹം ചെയ്തു. വിവാഹകർമത്തിലും ജോസ് മാവേലിയായിരുന്നു കാർമികത്വം വഹിച്ചത്. രണ്ട് കിടപ്പ് മുറികളും അടുക്കളയും ഹാളും ഉൾപ്പെട്ട വീടിന് ‘പാരഡൈസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടേയും അടുത്ത ബന്ധുക്കളെയും, സുഹൃത്തുക്കളേയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം നിർവഹിക്കാനെത്തിയതും ജോസ് മാവേലിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.