ഫോർട്ട്കൊച്ചി: തൊണ്ട നനക്കാൻ ഒരു തുള്ളി ദാഹജലത്തിന് കഴിഞ്ഞ മൂന്ന് വർഷമായി നെട്ടോട്ടമോടുകയാണ് കുന്നുംപുറം മുസ്ലിം പള്ളിക്ക് സമീപത്തെ നിരവധി കുടുംബങ്ങൾ. ഇവർ താമസിക്കുന്ന മേഖലയിലെ ടാപ്പിൽ കഴിഞ്ഞ മൂന്ന് വർഷമായി ലഭിക്കുന്നത് മലിനജലമാണ്.
ഈ കാലയളവിൽ ഇവർ പരിഹാരം തേടി മുട്ടാത്ത വാതിലുകളില്ല. പ്രാദേശിക നേതാക്കൾ മുതൽ മുഖ്യമന്ത്രിയെ വരെ സമീപിച്ചു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സ്, സർക്കാറിന്റെ കരുതലും കൈതാങ്ങും അദാലത്തിലുമടക്കം പരാതി നൽകി മടുത്തു.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നേരിട്ട് നൽകിയ പരാതിയിൽ ജല അതോറിറ്റി ഉദ്യാഗസ്ഥർ പരിശോധന നടത്തിയപ്പോഴും മലിനജലമാണ് ടാപ്പിലൂടെ ലഭിച്ചത്. പകരം സംവിധാനമെന്ന നിലയിൽ നിലവിൽ ടാപ്പ് ചെയ്തിരിക്കുന്ന 100 എം.എം.എസി പൈപ്പിലെ ടാപ്പിങ് മാറ്റി റോഡിന് മറുവശത്തെ 90 എം.എം പി.വി.സി പൈപ്പിലേക്ക് മാറ്റി നൽകിയാൽ പ്രശ്നം പരിഹരിക്കുമെന്ന് റിപ്പോർട്ടും നൽകി.
റോഡ് കട്ടിങിന് അനുമതി ലഭിക്കുന്ന മുറക്ക് ടാപ്പിങ് പോയന്റ്പരിശോധിച്ച് വിതരണക്കുഴലിലെ ലീക്ക് പരിഹരിച്ച് ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇവർ കത്ത് നൽകിയെങ്കിലും തുടർ നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് ഇക്കഴിഞ്ഞ ഡിസംബറിൽ കരുതലും കൈതാങ്ങും അദാലത്തിൽ പരാതി നൽകി. മന്ത്രി പി. പ്രസാദ് ഇടപെടുകയും ഒരാഴ്ചക്കകം പ്രശ്നം പരിഹരിക്കാൻ ഫോർട്ട്കൊച്ചി ആർ.ഡി.ഒക്ക് ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ ഇതുവരെ തുടർ നടപടി ഉണ്ടായില്ല. ഇനി എന്തു ചെയ്യുമെന്ന ചോദ്യമാണ് ഈ കുടുംബങ്ങൾ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.