എറണാകുളത്ത് കൂടുതൽ മൾട്ടിപ്ലക്സ് തിയറ്ററുകൾ ഒരുങ്ങുന്നു

കൊച്ചി: സിനിമപ്രേമികൾക്കായി എറണാകുളത്തും പരിസരത്തും 30ലധികം മൾട്ടിപ്ലക്സ് തിയറ്ററുകൾ ഒരുങ്ങുന്നു. മരട് നഗരസഭ പരിധിയിൽ തുടങ്ങുന്ന പുതിയ മാളിൽ ഒമ്പത് സ്‌ക്രീനുള്ള പി.വി.ആറിന്റെ മൾട്ടിപ്ലക്സാണ് ഇതിൽ പ്രധാനം. പാലാരിവട്ടത്തും എറണാകുളം മെഡിക്കൽ സെന്‍ററിന് സമീപത്തെയും മാളുകളിലുമായി നാലും കാക്കനാട് ചലച്ചിത്ര അക്കാദമിയുടെയും ചിത്രാഞ്ജലി സ്റ്റുഡിയോയുടെയും അടക്കം നാലും മൾട്ടിപ്ലക്സ് തിയറ്ററുകളാണ് ഒരുങ്ങുന്നത്.

വർഷങ്ങളായി അനുമതി കാത്തുകിടക്കുന്ന എം.ജി റോഡിലെ ഷോപ്പിങ് മാളിലെ 11 സ്‌ക്രീനുള്ള സിനിപോളിസ് മൾട്ടിപ്ലക്‌സും നവീകരണത്തിനുശേഷം ഉടൻ തുറക്കും. കളമശ്ശേരിയിൽ ആറ് സ്ക്രീനുള്ള മറ്റൊരു പദ്ധതിയും ആലോചനയിലുണ്ട്. പലതും 200 സീറ്റിന് മുകളിലുള്ളതാണ്.

പലയിടത്തും മാളിന്‍റെ നിർമാണം അവസാന ഘട്ടത്തിലായതിനാൽ അടുത്തവർഷം തുറക്കുന്നവിധത്തിലാണ് മൾട്ടിപ്ലക്സ് തിയറ്ററുകളുടെ പ്രവർത്തനം പുരോഗമിക്കുന്നത്. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അത്യാധുനിക സൗകര്യങ്ങൾ ഒത്തുചേരുന്ന മൾട്ടിപ്ലക്സ് തിയറ്റുകളോടാണ് കുടുംബ പ്രേക്ഷകർക്ക് താൽപര്യം.

നിലവിൽ 180 മുതൽ 450 രൂപ വരെയാണ് നിരക്ക്. പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപപ്പെടുത്തുന്ന തിയറ്റുകളിൽ സൗകര്യങ്ങൾ വർധിക്കുന്നതനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടാനാണ് സാധ്യത.കോവിഡാനന്തരം തിയറ്റുകൾ സജീവമായെങ്കിലും മലയാളത്തിൽ മികച്ച സിനിമകൾ എത്താതിരുന്നതിനാൽ പ്രേക്ഷകരും കുറവായിരുന്നു. എന്നാൽ, കെ.ജി.എഫ്-രണ്ട്, വിക്രം അടക്കമുള്ള അന്യഭാഷ ചിത്രങ്ങൾ മികച്ചരീതിയിലാണ് മുന്നേറിയത്. അടുത്തിടെ പുറത്തിറങ്ങിയ ചില മലയാള ചിത്രങ്ങളും മികച്ച കലക്ഷൻ നേടി.

Tags:    
News Summary - More multiplex theaters are coming up in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.