ആഡംബര കാറുകൾ: വാടകക്കെടുത്ത് പണയം വെച്ച് പണം തട്ടുന്ന സംഘം സജീവം

മട്ടാഞ്ചേരി: കൊച്ചിയിൽ ആഡംബര കാറുകൾ വാടകക്ക് എടുത്തശേഷം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്ന സംഘം സജീവം.

സംഘത്തിലെ ആറുപേർ പിടിയിലായെങ്കിലും മുഖ്യ പ്രതിയെ പിടികൂടാനായിട്ടില്ല. മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാർ വാടകക്ക് എടുത്തശേഷം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ആദ്യം നാലുപേർ പിടിയിലായെങ്കിലും മുഖ്യപ്രതിയായ മട്ടാഞ്ചേരി സ്വദേശി പൊലീസിനെ വെട്ടിച്ച് ഒളിവിലാണ്.

തമിഴ്നാട് ദിണ്ടിഗൽ നീലമലൈക്കോട്ട സ്വദേശി ബാലമുരുകൻ (40), തിപ്പച്ചി അമ്മൻകോവിൽ സ്വദേശി ശരവണകുമാർ (39), തമിഴ്നാട് ഗൂഡല്ലൂർ ഉത്തമപാളയം പി. ശിവൻ (53), മട്ടാഞ്ചേരി സ്വദേശി കെ.എം. നസീർ (49) എന്നിവരാണ് ആദ്യ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശികൾ മുഖ്യപ്രതിയിൽനിന്ന് വാഹനം വാങ്ങിയവരും നസീർ കാർ തമിഴ്നാട്ടിൽ എത്തിക്കാൻ ഇയാളെ സഹായിച്ചയാളുമാണ്. ഉടമയിൽനിന്ന് ഇയാളാണ് കാർ വാടകക്ക് എടുത്ത് തമിഴ്നാട്ടിൽ കൊണ്ടുപോയി മറിച്ചുകൊടുത്തത്. 2021ഏപ്രിലിലാണ് ഒന്നാം പ്രതി ഉടമയിൽനിന്ന് കാർ വാടകക്ക് എടുക്കുന്നത്. തമിഴ്നാട്ടിൽ കൊണ്ടുപോയി കാർ പണയം വെച്ച് ഇയാൾ മുങ്ങിയതോടെ കാർ ഉടമ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകി.

തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ടെത്തിയതും നാലുപേരെ അറസ്റ്റ് ചെയ്തതും.

ഇതിനിടെ, കേസിൽ പിടിയിലായ നസീർ സൂക്ഷിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സമാന രീതിയിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും തുടർന്ന് കാറിന്‍റെ ഉടമയായ തിരുവല്ല സ്വദേശി നൽകിയ പരാതിയിൽ ഫോർട്ട്കൊച്ചി അറക്കൽ മൈക്കിൾ എയ്ഞ്ചൽ (28), ചെങ്ങന്നൂർ ചെറിയനാട് താമരശ്ശേരി ടി.കെ. രാജേഷ് (42) എന്നിവരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് ആകെ പിടിയിലായവരുടെ എണ്ണം ആറായത്.

മുഖ്യപ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയതായി അസി. കമീഷണർ വി.ജി. രവീന്ദ്രനാഥ് പറഞ്ഞു.

Tags:    
News Summary - Luxury cars: The gang is active in renting and mortgaging money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.