ഉൽപാദനം കുറഞ്ഞതും തീറ്റക്ക് വിലകൂടിയതും കോഴി വില കൂടാൻ കാരണമെന്ന് കർഷകർ

കൊച്ചി: ഉൽപാദന മേഖലയിലെ തകർച്ചയും കോഴിത്തീറ്റക്ക് വില കൂടിയതുമാണ് കേരളത്തിൽ ഇറച്ചിക്കോഴിയുടെ വിലവർധനക്ക് കാരണമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർവരെ കോഴി കിലോക്ക് 30 മുതൽ 50 രൂപവരെ കുറഞ്ഞപ്പോൾ ഉൽപാദനച്ചെലവ് താങ്ങാനാകാതെ ചെറുകിട കർഷകർ രംഗത്തുനിന്ന് പിന്മാറിയിരുന്നു. വില നിയന്ത്രിക്കാൻ കോഴിത്തീറ്റക്ക് സബ്സിഡി അനുവദിച്ച് കേരള ചിക്കന് ലഭിക്കുന്ന ആനുകൂല്യങ്ങൾ തങ്ങൾക്കും ലഭ്യമാക്കണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ലോക്ഡൗണിന് മുമ്പ് ഒരു ചാക്കിന് 1000 രൂപക്ക് ലഭിച്ചിരുന്ന കോഴിത്തീറ്റക്ക് ഇന്ന് വില 2350 രൂപയാണ്. രണ്ടാഴ്ചക്കുള്ളിൽ ഒരു കിലോ കോഴിത്തീറ്റക്ക് 2.40 രൂപയുടെ വർധനയുണ്ടായി. 25 രൂപ ഉണ്ടായിരുന്ന കോഴിക്കുഞ്ഞിന് ഇന്ന് 40 രൂപയാണ് വില. തമിഴ്നാട് കേന്ദ്രീകരിച്ചാണ് വലിയ തോതിൽ കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്. ഒരു കിലോ കോഴിക്ക് കർഷകന് ഉണ്ടായിരുന്ന ഉൽപാദനച്ചെലവ് ഫാമിൽ 97 രൂപയായിരുന്നത് ഇന്ന് 104 രൂപയായി. അന്തരീക്ഷ ഊഷ്മാവ് കൂടിയതിനാൽ കോഴിയുടെ മരണനിരക്കും കൂടി.

കോഴിവില വളരെ കുറഞ്ഞ കാലങ്ങളിൽ കർഷകരെ രക്ഷിക്കാൻ ഹോട്ടൽ ഉടമകൾ വില കൂട്ടി തന്നിരുന്നില്ല. പൊതുജനങ്ങൾക്ക് കോഴി വിഭവങ്ങൾ വിലകുറച്ച് നൽകിയിട്ടുമില്ല. റീട്ടെയിൽ വിലയിൽനിന്ന് ഹോട്ടൽ ഉടമകൾക്ക് ഒരുകിലോക്ക് 22 രൂപ കുറച്ചാണ് കോഴിയിറച്ചി നൽകുന്നത്. 30 ദിവസം വരെ കടമായി കോഴി വാങ്ങുന്ന ഹോട്ടലുകളുമുണ്ട്. ഇതിനാൽ കർഷകർക്ക് എതിരെ ഹോട്ടൽ ഉടമകൾ നടത്തുന്ന പ്രചാരണം അവരുടെ ലാഭത്തിൽ കുറവുവരുന്നത് കൊണ്ടാണെന്നും ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ്, പി.ടി. ഡേവീസ്, അജിത് കെ. പോൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Low production and high cost of feed Farmers blame chicken price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.